k

തൃശൂർ: പാലക്കാട്ട് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ്. ഇ.ശ്രീധരൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ച 50,000 വോട്ട് ഇത്തവണ 39,000 ആയി. ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞു. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോൾ ഇ.ശ്രീധരന് കിട്ടിയത് എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ടായിരുന്നോ?.സി.പി.എമ്മിന് ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021ലേതിനെക്കാൾ 15,000 വോട്ടാണ് ഈ വോട്ടർപട്ടികയിൽ പുതിയതായി ചേർത്തത്. അതിൽ ഏഴായിരത്തോളം വോട്ട് ഞങ്ങൾക്ക് കിട്ടി. മൂവായിരം വോട്ടെങ്കിലും സി.പി.എമ്മിന് ലഭിക്കേണ്ടേ?. അതും കിട്ടിയില്ല. 30 വർഷമായി ജമാ അത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് വർഗീയവാദികളാണെന്ന് ബി.ജെ.പിക്കൊപ്പം നിന്ന് സി.പി.എം പറയുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തോളം വോട്ടിനാണ് സി.പി.എം ചേലക്കരയിൽ വിജയിച്ചത്. അതിൽ 28,000 വോട്ടുകൾ ഇത്തവണ ഞങ്ങൾ കുറച്ചു. ഭരണവിരുദ്ധ വികാരമുള്ളത് കൊണ്ടാണ് 40,000 വോട്ടിന്റെ ഭൂരിപക്ഷം 12000 ആയി കുറഞ്ഞതെന്നും സതീശൻ പറഞ്ഞു.