കൊടുങ്ങല്ലൂർ : യാത്രക്കാരെ ഭീതിയിലാക്കി തൃശൂരിലേക്കുള്ള സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളായ അലീനാസും ശിൽപ്പയും തമ്മിലാണ് മത്സരയോട്ടം പതിവായിട്ടുള്ളത്. അമിത വേഗതയിൽ പോകുന്ന ബസിന്റെ ഡ്രൈവർമാർ എതിരെ വരുന്നതും മുന്നിൽ പോകുന്നതുമായ മറ്റ് വാഹനങ്ങളെ ഗൗനിക്കുന്നതേയില്ല. കാൽനടയാത്രക്കാരുടെ കാര്യം പറയുകയും വേണ്ട. ജീവൻ പണയം വച്ച് വേണം റോഡിലൂടെ നടക്കാൻ. ചന്തപ്പുര ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ ആറ് മണിക്ക് രണ്ട് ബസുകളും ഒരുമിച്ചാണ് തൃശൂരിലേക്ക് പുറപ്പെടുന്നത്. തൃശൂരിൽ പോയി കൊടുങ്ങല്ലൂരിൽ സ്റ്റാൻഡ് പിടിക്കാൻ പിന്നെ മത്സരയോട്ടമാണ്. സ്റ്റാൻഡിൽ എത്തിയാൽ പൊരിഞ്ഞ വാക്കേറ്റവും അസഭ്യവർഷവും. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളുമടങ്ങുന്ന യാത്രക്കാർ സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് ബസ് ജീവനക്കാരുടെ വാക്കേറ്റവും തെറിവിളിയും നടക്കുന്നത്. ഒൻപത് മണിക്ക് തിരിച്ചെത്തുന്ന രണ്ടു ബസുകളും യാത്രക്കാരെ കയറ്റാതെ വീണ്ടും മുൻപിലും പുറകിലുമായി അമിത വേഗതയിൽ തൃശൂരിലേക്ക് ചീറിപ്പായുന്ന കാഴ്ചയാണ് പിന്നീട്. ദിവസത്തെ ആദ്യ രണ്ട് ട്രിപ്പുകളിലാണ് ഇത്തരത്തിൽ ഇവർ തമ്മിലുള്ള മത്സരം നടക്കുന്നത്. രാവിലെ ആറ് മണിക്കും ഒൻപതു മണിക്കുമാണ് ഇവർ തമ്മിലുള്ള മത്സരയോട്ടം. ബസ് ഉടമകളുടെ അനുഗ്രഹാശിസുകളോടെയാണ് മത്സരയോട്ടമെന്നാണ് പറയുന്നത്. യാത്രക്കാരെ ഒന്നും കയറ്റിയില്ലെങ്കിലും ഇങ്ങനെ തന്നെ ഓടാനാണ് നിർദ്ദേശം. ആരെങ്കിലും ഇടപെടുമെന്നും അപ്പോൾ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും പറയുന്നു. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിൽ വലയുന്നത് യാത്രക്കാരാണ്. രണ്ട് ബസുകളിലും കയറാൻ പറ്റാതെ പിന്നീട് വരുന്ന ബസ് കാത്തുനിന്നു വേണം ലക്ഷ്യസ്ഥാനത്തെത്താൻ. സ്റ്റാൻഡിൽ പൊലീസ് ഇല്ലാത്തതാണ് ഇവിടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.