 
ചെറുതുരുത്തി: വറവട്ടൂർ തെക്ക്മുറി സെന്റർ മുതൽ ഭാരതപ്പുഴയിലെ ചങ്ങനാംകുന്ന് കടവ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ കൂട്ടായ്മ സമരമുഖത്തേക്ക്. ദേശമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിലെ വറവട്ടൂർ കൊടക്കാരൻ കുന്ന് പ്രദേശത്തെ ജനങ്ങളാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ച്ചയാണെന്നും പ്രദേശവാസികൾ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, പഞ്ചായത്ത് സെക്രട്ടറി, എ ഇ എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നും തിരഞ്ഞെടുപ്പിന്റെ പേരിൽ വൈകിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ അടുത്ത ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകാനും ഡിസംബർ 5 നുള്ളിൽ പണി തുടങ്ങിയില്ലെങ്കിൽ 10 ന് തീയതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും കൂട്ടായ്മ യോഗം തീരുമാനിച്ചു.
ജനകീയ കൂട്ടായ്മ രൂപീകരിച്ചു
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 14 അംഗ ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി. ജനകീയ കൂട്ടായ്മ രൂപീകരണ യോഗത്തിൽ കെ. നൗഫൽ,പി. അബിലാഷ്, സി.പി.എം പ്രതിനിധി ബാലകൃഷ്ണൻ, കോൺഗ്രസ് പ്രതിനിധി രാമൻകുട്ടി, ബി. ജെ.പി പ്രതിനിധി കൃഷ്ണകുമാർ, അബു, അലി, എ.അരുൺ അരവിന്ദ്, അബു താഹിർ എന്നിവർ സംസാരിച്ചു.