drugs
1

വടക്കഞ്ചേരി : രാസ ലഹരി മുതൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വരെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് ഒഴുകിയെത്തുന്നത് ആശങ്കയുണർത്തുന്നു. കഞ്ചാവും, നിരോധിത പുകയില ഉത്പന്നങ്ങളുമെത്തുന്നത് ട്രെയിൻ മാർഗമാണ്. രാസലഹരി ഓൺലൈനായുമെത്തുന്നു. സ്പിരിറ്റും വലിയതോതിലെത്തുന്നുണ്ട്. അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിടിയിലാകുന്നത് വളരെ കുറവാണ്. ഓട്ടുപാറ പട്ടണത്തിൽ ഇന്നലെ മഹീന്ദ്ര സൈലോ വാഹനത്തിൽ കടത്തുകയായിരുന്ന 30 ചാക്ക് ഹാൻസ് വടക്കഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിപണിയിൽ ഏഴ് ലക്ഷം മൂല്യമുള്ളതാണ് ലഹരി വസ്തു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് ലഹരി വസ്തുക്കൾ ഏറെയുമെത്തുന്നത്. ഇവിടെ നിന്ന് വിവിധ വാഹനങ്ങളിലൂടെ രഹസ്യമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിക്കും. ചെറുതുരുത്തിയിൽ ലഹരി മാഫിയയ്ക്ക് വലിയ കേന്ദ്രമുള്ളതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് പിടികൂടിയത് ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളാണ്. വാഹന പരിശോധന ശക്തമാക്കുമ്പോഴൊക്കെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ പെട്ടിക്കടകളും, പലചരക്ക് കടകളും വഴിയാണ് വിൽപ്പന. വിദ്യാർത്ഥികളും, യുവാക്കളുമാണ് ഉപഭോക്താക്കൾ.

ഗ്രാമീണ മേഖലകളിൽ വിൽപ്പന സജീവം

വടക്കാഞ്ചേരിയുടെ ഗ്രാമീണ മേഖലകളിൽ കടകൾ കേന്ദ്രീകരിച്ച് ഹാൻസ് വിൽപ്പന സജീവമാണ്. തെക്കുംകര പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ പരസ്യ വിൽപ്പനയും സജീവമാണ്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച് വിൽപ്പന നടത്തുന്നവരുമുണ്ട്. എക്‌സൈസ് ഓഫീസുകളിൽ നിരവധി പരാതികൾ ലഭിക്കുമ്പോൾ ഭൂരിഭാഗവും അവഗണിക്കുകയാണ്. പിടിക്കപ്പെട്ടാലും പരമാവധി 3000 രൂപ മാത്രമാണ് പിഴ. ഒരു പാക്കറ്റ് ഹാൻസ് 50 രൂപയ്ക്കാണ് വിൽക്കുന്നത്. പിഴ ശിക്ഷ കൂട്ടുകയല്ലാതെ വിൽപ്പന അവസാനിക്കില്ലെന്ന വിലയിരുത്തലും ശക്തമാണ്.

ലഹരിവാഴ്ചയെന്ന് : 25 ന് സർവകക്ഷി യോഗം

മുണ്ടത്തിക്കോട് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലയിൽ ഗുണ്ടാ സംഘങ്ങളും, മയക്കുമരുന്ന് ലോബിയും വിഹരിക്കുന്നതായി ആരോപണം. ഒരു വിഭാഗം യുവാക്കൾ മയക്കുമരുന്നിലേക്കും, കച്ചവടത്തിലേക്കും വഴിമാറുന്നതായാണ് ആശങ്ക. അക്രമികളെ നേരിടാനും, നിയമപരമായ നടപടി സ്വീകരിക്കാനും ആക്ഷൻ കൗൺസിൽ രൂപീകരിക്കും. 25ന് ആറിന് മുണ്ടത്തിക്കോട് ഗ്രാമസഭ ഹാളിൽ സർവകക്ഷി യോഗം നടക്കുമെന്ന് നഗരസഭ കൗൺസിലർ കെ.അജിത് കുമാർ അറിയിച്ചു.