തൃശൂർ: സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പതിനായിരത്തോളം വോട്ട് വർദ്ധിപ്പിക്കാനായത് ബി.ജെ.പി ജില്ലാ നേതൃത്വത്തിനും എൻ.ഡി.എ ജില്ലാ നേതൃത്വത്തിനും നേട്ടമായി. തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ.ബാലകൃഷ്ണനെ ചേലക്കരയുടെ ബാലേട്ടൻ എന്നവതരിപ്പിച്ച് ബി.ജെ.പി ഇതിലൂടെ നേട്ടം കൈവരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രചരണത്തിന് മേൽനോട്ടം. 2021 ലെ തിരഞ്ഞെടുപ്പിൽ ഷാജുമോൻ വട്ടേക്കാടന് 24,045 വോട്ടാണ് ലഭിച്ചതെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചത് 33,609 വോട്ടാണ്. വർദ്ധനവ് 9564. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാളും വോട്ട് വർദ്ധിപ്പിക്കാനും സാധിച്ചു. പാലക്കാടും വയനാടും സംസ്ഥാന നേതാക്കളുടെ മേൽനോട്ടത്തിലായിരുന്നു പ്രചരണം. എന്നാൽ ചേലക്കരയിൽ പൂർണമായും ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അനീഷ് കുമാറിന് പുറമേ ബി.ജെ.പി ജില്ലാ നേതാക്കളായ കെ.എസ്.ഹരി, ഐ.എൻ.രാജേഷ്, എൻ.ഡി.എ ജില്ലാ കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവർ രംഗത്തിറങ്ങി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ,സുരേന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.