news-photo-
ഗുരുവായൂർ ക്ഷേത്ര ശില്‌പ മാതൃകയിൽ തയ്യാറാക്കുന്ന ചെമ്പൈ സംഗീത മണ്ഡപത്തിന് സമീപം മണ്ഡപം തയ്യാറാക്കുന്ന ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രത്തിലെ പ്രിൻസിപ്പാൾ എം. നളിൻബാബുവും വിദ്യാർത്ഥികളും

ഗുരുവായൂർ: അമ്പതാം ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്ര ശില്പ മാതൃകയിൽ ചെമ്പൈ സംഗീത മണ്ഡപം ഒരുങ്ങുന്നു. നിർമ്മാണം പൂർത്തിയാക്കി ഇന്ന് രാത്രി മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ സംഗീത മണ്ഡപം സ്ഥാപിക്കും.
ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിന് മുകൾ ഭാഗത്തിന് സമാന രീതിയിൽ ഗജ ലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ ആനക്കൊമ്പും എന്ന മാതൃകയിലാണ് സംഗീത മണ്ഡപത്തിന്റെ രൂപകൽപ്പന. ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളുമുണ്ട്. കൂടാതെ വ്യാളി രൂപശില്പവും ഇരു ഭാഗത്തും ശില്പമാതൃകയിൽ നാല് തൂണുകളുമുണ്ട്. ദ്വാരാപാലകർക്കു മുൻ വശത്തായി മൃഗവ്യാളി ശില്പം കൊത്തിയ കരിങ്കൽ സോപാനമാണ്.


സെൽഫി കോർണറും

സംഗീതോത്സവം ആസ്വാദിക്കാനെത്തുന്നവർക്ക് ഫോട്ടോ എടുക്കുന്നതിന് പ്രത്യേക സെൽഫി കോർണറും ഒരുങ്ങും. ഒപ്പം സംഗീതോത്സവത്തിന്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകളും സ്ഥാപിക്കുന്നുണ്ട്.
തെർമോ കോൾ, ഫോറസ് ഷീറ്റ്, പ്ലൈവുഡ്, തുണി, പട്ടിക എന്നിവ ഉപയോഗിച്ചാണ് മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം സംഗീതോത്സവം നടക്കുന്ന മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ വലതു ഭാഗത്തായി ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന ശില്പവും മുൻ വശത്തായി അഞ്ചു തട്ടുകളുള്ള ദീപസ്തംഭവുമുണ്ട്.


തയ്യാറാക്കിയത് പത്ത് ദിവസംകൊണ്ട്


പത്ത് ദിവസമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ ചുമർ ചിത്ര പഠന കേന്ദ്രത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ ടി.എസ്. അഭിജിത്ത്, കെ.എസ.് വിഷ്ണു, അഖില ബാബു,പി.എസ്. കവിത , അപർണ്ണ ശിവാനന്ദ്, എം.സ്‌നേഹ , അഞ്ചാം വർഷ വിദ്യാർത്ഥിനി എ.ജെ. ശ്രീജ, ഒന്നാം വർഷവിദ്യാർത്ഥികളായ നവനീത് ദേവ് , അനിരുദ്ധ് , അഭിൻ , ഗോവർദ്ധൻ, പൂജ, അജ്ഞലി , ദുർഗ്ഗ, ദേവി നന്ദന എന്നീ വിദ്യാർത്ഥികളാണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. പതിമൂന്ന് വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി ( സുകു ) ആണ്. ഹൃത്വിക്ക് , ലിജിൻ , അഭിനവ് , കണ്ണൻ എന്നിവരും മണ്ഡപത്തിൽ ശില്പങ്ങൾ തയ്യാറാക്കുന്നതിൽ സഹായികളായി ഉണ്ടായിരുന്നു.