കയ്പമംഗലം: ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ച ചലച്ചിത്രമേഖലയിലെ തൊഴിൽ ചൂഷണത്തെക്കുറിച്ച് ഗൗരവപൂർവമുള്ള ചർച്ചകൾ പൊതു സമൂഹത്തിൽ ഉയർന്ന് വരേണ്ടതുണ്ടെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു. മതിലകം പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും വാർത്ത കൊടുത്തതും ചലച്ചിത്രമേഖലയിലെ ലൈംഗിക ചൂഷണം മാത്രമായിരുന്നു. എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്‌നിഷ്യൻമാർ നേരിടുന്നത് വലിയ തൊഴിൽ ചൂഷണമാണ്. ഇവർക്ക് മിനിമം കൂലി പോലും നിഷേധിക്കപ്പെടുന്നുവെന്നത് ഗുരുതരമായ തൊഴിൽ ചൂഷണമാണെന്നും അതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് എ.ഐ.ടി.യു.സി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി. ശിവരാമൻ അദ്ധ്യക്ഷനായി. പി.കെ. റഫീഖ്, ടി.പി. രഘുനാഥ്, കെ.എ. ഷിഹാബ്, സി.ബി. അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.