പാവറട്ടി : ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടർ നവീകരണത്തിന്റെ ഭാഗമായി റെഗുലേറ്ററിന്റെ പടിഞ്ഞാറ് ഭാഗത്ത് താത്കാലിക ബണ്ട് നിർമ്മാണം ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് തെങ്ങിൻ കുറ്റികൾ ഉറപ്പിക്കുന്ന ജോലിയാണ് പ്രാരംഭ ഘട്ടത്തിൽ തുടങ്ങിയത്. സിവിൽ വർക്കിന് 2.4 കോടി രൂപയും മെക്കാനിക്കൽ വർക്കിന് 2.6 2 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. 20 ദിവസം കൊണ്ട് താത്കാലിക ബണ്ട് നിർമ്മാണം പൂർത്തീകരിക്കും. ഇതിനുശേഷം മോട്ടർ ഉപയോഗിച്ച് റെഗുലേറ്ററിന്റെ അടിഭാഗത്തുള്ള മുഴുവൻ വെള്ളവും വറ്റിക്കും. തുടർന്നാണ് പുതിയ ഷട്ടർ നിർമ്മാണം. തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റീൽ ഉപയോഗിച്ചാണ് ഷട്ടറുകൾ നിർമിക്കുന്നത്. റബർ ബുഷുകൾ സ്ഥാപിച്ച് ലീക്ക് പ്രൂഫാക്കും. ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തനം. ഉപ്പു വെള്ളം തടയുന്നതിന്റ ഭാഗമായി കിഴക്കു ഭാഗത്ത് സ്ഥാപിച്ച ബണ്ട് നിർമ്മാണം കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.