ചാലക്കുടി: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടിയോളം രൂപയുടെ വികസന പ്രവർത്തനം റെയിൽവേ സ്റ്റേഷനിൽ പൂർത്തിയാകുമ്പോഴും യാത്രക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമകലെ. ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ്, എസ്‌കലേറ്ററിന്റെ കുറവ്, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യം എന്നിവ പരിഹരിക്കാതെയാണ് വികസന പദ്ധതി പ്രാവർത്തികമാക്കുന്നത്. പ്രതിദിനം എണ്ണായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന സ്‌റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾ നിറുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈയിടെ ചില പ്രധാന വണ്ടികളുടെ സ്‌റ്റോപ്പ് ഇല്ലാതാക്കുകയും ചെയ്തു.
രണ്ടാമത്തെ പ്ലാറ്റ് ഫോമാണ് ഇല്ലായ്മകളുടെ പ്രതീകമായി നിലകൊള്ളുന്നത്. ഇവിടേക്കാണ് എസ്‌കലേറ്റർ ഇല്ലാത്തത്. ആവശ്യത്തിന് കുടിവെള്ളവും ടോയ്‌ലെറ്റും ഈ ഭാഗത്തില്ല. നിലവിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന മേൽപ്പാലം അറ്റകുറ്റപണി നടത്തി രണ്ടാമത്തെ പ്ലാറ്റ് ഫോമിലേയ്ക്ക് ലാൻഡിംഗ് സൗകര്യം ആവശ്യമാണ്. ടൂറിസം ഇൻഫർമേഷൻ കേന്ദ്രം വേണമെന്ന ആവശ്യവും സംഘടനകൾ ഉന്നയിച്ചിരുന്നു.
ഒന്നാമത്തെ പ്ലാറ്റ് ഫോം നീളം കൂട്ടുക, മേൽക്കൂരയ്ക്ക് സീലിംഗ് ഘടിപ്പിക്കൽ, അടിഭാഗം ടൈൽ ഇടൽ, പ്രവേശന കവാടം ആധുനിക രീതിയിലാക്കൽ, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, പാർക്കിംഗ് സൗകര്യം വിപുലമാക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് അമൃത് പദ്ധതിയിലൂടെ നടന്നത്. ഇതിൽ പാർക്കിംഗ് സൗകര്യം കൂട്ടലാണ് പ്രത്യക്ഷത്തിൽ ആശ്വാസ നടപടിയായുള്ളത്. വാഴച്ചാൽ- അതിരപ്പിള്ളി വെള്ളച്ചാട്ടം, മലക്കപ്പാറ, വാൽപ്പാറ എന്നിങ്ങനെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശനകവാടം കൂടിയായതിനാൽ വിനോദസഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമാണ് ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത്. യാത്രക്കാരുടെ മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ ട്രസ്റ്റ് പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി പി.ഡി.ദിനേശ് എന്നിവർ റെയിൽവേ മന്ത്രി, എം.പി, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി.
മുറ്റം നിറയെ പൂച്ചെട്ടികളും ആർഭാടമായ കവാടവും ചാലക്കുടി സ്റ്റേഷന്റെ മോടി കൂട്ടുമ്പോൾ യാത്രക്കാരുടെ നീറുന്ന പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.
ചാലക്കുടി റസിഡൻസ് അസോ.
കോർഡിനേഷൻ ട്രസ്റ്റ്