blokbilding
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ പ്രതിസന്ധിയിൽ

മുളങ്കുന്നത്തുകാവ്: സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം പുരോഗമിക്കുന്നതിനിടെ തന്നെ നിലവിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ തകർന്നടിഞ്ഞ അവസ്ഥയിലാണ് തൃശൂർ ഗവ. മെഡിക്കൽ കോളജ്. 2025ൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തീകരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വിപുലീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, ഇതിനോടകം തന്നെ ഉദര, മൂത്ര, വൃക്ക രോഗവിഭാഗങ്ങളിൽ ചികിത്സ വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. ഡോക്ടർമാരുടെ അഭാവം കാരണം ഒ.പി ചീട്ട് 250 ആയി ചുരുക്കിയതോടെ നൂറുകണക്കിന് രോഗികൾക്ക് ചികിത്സ ലഭിക്കാതെയായി.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അസി. പ്രൊഫസർമാർക്ക് പ്രമോഷൻ ലഭിച്ചതോടെ ഉയർന്ന തസ്തികകളില്ലാത്തതിനാൽ ഇവർ സ്ഥലംമാറി. ഇതോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ശേഷിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഗുണം രോഗികൾക്ക് ലഭിക്കണമെങ്കിൽ അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും തസ്തികകൾ സൃഷ്ടിച്ച് ഇവയെ സ്വതന്ത്ര ചികിത്സാവിഭാഗങ്ങളാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇത് പി.ജി. കോഴ്സുകൾ ആരംഭിക്കുന്നതിനും 24 മണിക്കൂർ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സേവനം ഉറപ്പാക്കുന്നതിനും സഹായിക്കും.

നിലവിലെ സാഹചര്യം

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വെറും കെട്ടിടമായി ചുരുങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്. മെഡിക്കൽ കോളജ് നിരന്തരം തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, ഉള്ള ഒഴിവുകൾ നികത്തി നിലവിലെ ചികിത്സ തുടരുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടില്ല. ചികിത്സ വെട്ടിച്ചുരുക്കിയ വിഭാഗങ്ങളിലെ അസി. പ്രൊഫസർ തസ്തികയുടെ പി.എസ്.സി ലിസ്റ്റ് ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.

തൃശൂർ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കെട്ടിടം