
തൃശൂർ: കാർഷിക സർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാർശകൾ 2024' ന്റെയും കോൾ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം ബുധനാഴ്ച്ച രാവിലെ 11 ന് കൃഷിമന്ത്രി പി.പ്രസാദ്, റവന്യൂമന്ത്രി അഡ്വ.കെ.രാജൻ എന്നിവർ നിർവഹിക്കും. വൈസ് ചാൻസലർ ഡോ.ബി.അശോക് അദ്ധ്യക്ഷനാകും. കാർഷികവിളകളിൽ അനുവർത്തിക്കേണ്ട പരിപാലന മുറകളെക്കുറിച്ച് കാർഷിക സർവകലാശാല പുറത്തിറക്കിയ പാക്കേജ് ഒഫ് പ്രാക്ടീസസ് ക്രോപ്‌സ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'വിള പരിപാലന ശുപാർശകൾ'. അത്യുൽപാദന ശേഷിയുള്ള വിള ഇനങ്ങളെ കുറിച്ചും സുസ്ഥിര വിള പരിപാലന മുറകളെ കുറിച്ചും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നുണ്ട്. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും ചേർത്തിട്ടുണ്ട്.