1

തൃശൂർ: തിരഞ്ഞെടുപ്പ് ഒഴിഞ്ഞതോടെ, ഡി.സി.സി പ്രസിഡന്റ് പദവി പിടിക്കാൻ ഗ്രൂപ്പ് തലത്തിൽ ചരടുവലി മുറുകി. ഇതോടെ ഏറെ നാളായി അയഞ്ഞ ഗ്രൂപ്പ് രാഷ്ട്രീയക്കളികളും ഗ്രൂപ്പ് ചർച്ചകളും സജീവം. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാളിച്ച പറ്റിയെന്ന വാദം നേതാക്കൾക്കിടയിലുണ്ട്. ജില്ലയിൽ കോൺഗ്രസിന് നാഥനില്ലാത്ത സാഹചര്യത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം മുതൽ വേണ്ടത്ര കൂട്ടായ്മയുണ്ടായിട്ടില്ലെന്നാണ് അഭിപ്രായം.

തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ.ശ്രീകണ്ഠൻ എം.പി പലപ്പോഴും പാലക്കാട്ടെ തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. കെ.പി.സി.സി നേരിട്ടാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പ്രവർത്തനങ്ങളിൽ പാളിച്ചകളില്ലെങ്കിലും ജില്ലയിലെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ച് നിറുത്തുന്നതിൽ മുൻകൈയെടുക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു.

തൃശൂരിലെ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നതിനാൽ ഭാര്യ തുളസിയെ ചേലക്കരയിൽ മത്സരിപ്പിക്കാൻ കഴിയാതിരുന്നതിലും വി.കെ.ശ്രീകണ്ഠന് വിഷമമുണ്ടെന്നാണ് വിവരം. രണ്ട് തവണ ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ഇതിലും നന്നായി പോരാടാൻ തുളസിക്കായേനയെന്ന അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. എല്ലാംകൊണ്ടും തൃശൂരിലെ ചാർജ് ഏറ്റെടുത്തത് തനിക്കും നഷ്ടമായെന്നാണ് വി.കെ.ശ്രീകണ്ഠന്റെ അഭിപ്രായം. തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലെ ചാർജ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രമ്യയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ജില്ലയിലെ പല നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അത് മുതലാക്കാൻ വി.കെ.ശ്രീകണ്ഠനുമായില്ല.

മാറുന്ന സമവാക്യങ്ങൾ

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിയന്ത്രണത്തിലാണിപ്പോൾ പല പ്രമുഖ നേതാക്കളും. എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും നേതാക്കളിൽ പലരും ഇപ്പോൾ കെ.സിയുടെ ഗ്രൂപ്പിലാണ്. കെ.സുധാകരൻ നിയന്ത്രിക്കുന്ന യുവനേതാക്കളുടെ ഗ്രൂപ്പും സജീവമാണ്. മുൻ യു.ഡി.എഫ് കൺവീനറും ഡി.സി.സി പ്രസിഡന്റുമൊക്കെ കെ.സി.വേണുഗോപാലിന്റെ ഗ്രൂപ്പിലേക്ക് മാറി. ഇവരുടെ ഗ്രൂപ്പിലേക്കെത്തിയ എ ഗ്രൂപ്പ് വിട്ടു വന്ന യുവനേതാക്കളുടെ പേര് തന്നെയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നത്. ജില്ലയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പ്രസിഡന്റിനെ അടുത്തമാസം പ്രഖ്യാപിച്ചേക്കും.