olakataaa

തൃശൂർ : ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിധിക്ക് വിധേയമായി ഒളകര ആദിവാസി ഊരുകളിലെ നിവാസികൾക്ക് ഒന്നര ഏക്കർ വീതം ഭൂമി വിതരണം ചെയ്യാൻ സ്‌റ്റേറ്റ് ലെവൽ മോണിറ്ററിംഗ് സമിതി (എസ്.എൽ.എം.സി) തീരുമാനിച്ചതായി മന്ത്രി കെ.രാജൻ. ഒളകരയിൽ പഞ്ചായത്ത് അധികൃതർക്കും റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കുമൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികൾക്ക് ഭൂമിയുടെ അവകാശം നൽകുന്നതിനെതിരെ വൺ എർത്ത് വൺ ലൈൻ എന്ന സംഘടന നൽകിയ കേസിന്റെ വിധിക്ക് വിധേയമായി പട്ടയം നൽകാനാണ് തീരുമാനം. എസ്.എൽ.എം.സി യോഗത്തിന്റെ നടപടിക്രമങ്ങളടങ്ങിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

ഭൂമിക്കായുള്ള ഒളകര നിവാസികളുടെ അവകാശ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2016 മുതൽ ഇക്കാര്യത്തിൽ നിരന്തര ഇടപെടലുണ്ടായി. ജില്ലാ ഭരണകൂടവും റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് ഭൂമി അളന്ന് രേഖപ്പെടുത്തി തയ്യാറാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. പിന്നീട് ഊരുകൂട്ടവും എസ്.ഡി.എൽ.സിയും ഡി.എൽ.സിയും പരിശോധിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എസ്.എൽ.എം.സി അംഗീകരിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.സജു, സുബൈദ അബൂബക്കർ, ഉദ്യോഗസ്ഥരായ ടി.വി.ജയശ്രീ, നിഷ.എം.ദാസ്, അനിൽ, ഹരീഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത, ഊരു മൂപ്പത്തി മാധവി തുടങ്ങിയവരും സംഘത്തിലുണ്ടായി. ഒളകര ഫോറസ്റ്റ് സ്‌റ്റേഷൻ മുതൽ ഊരുകളിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള പ്രാഥമിക നടപടി പൂർത്തിയാക്കി.

ഒളകരക്കാർ എത്തിയത് അമ്പത് വർഷം മുമ്പ്


ഒളകര നിവാസികളുടെ മുൻ തലമുറക്കാർ ഏകദേശം നൂറ് വർഷം മുമ്പ് വനത്തിലുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിർത്താർഡ്‌സിന്റെ പഠന റിപ്പോർട്ട്. പീച്ചി ഡാം നിർമ്മിച്ച ശേഷം 1957 കാലഘട്ടത്തിൽ വെള്ളം കയറിയതോടെ കുഴിക്കുത്തി എന്ന മറ്റൊരു സ്ഥലത്തേക്ക് മാറി. പിന്നീട് അമ്പത് വർഷം മുമ്പ് ഒളകരയിലെത്തി. ആദ്യകാലത്ത് 300 ഏക്കറോളം ഭൂമിയിലാണ് താമസിച്ചിരുന്നത്.