photo-
ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ

ചെറുതുരുത്തി: ഈ വർഷം രണ്ടു കേസുകളിലായി പിടികൂടിയ ഒന്നരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ നശിപ്പിച്ച് ചെറുതുരുത്തി പൊലീസ്. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രണ്ടു ലഹരി വിരുദ്ധ വേട്ടകളിലായി 300 ലധികം ചാക്കുകളാണ് പിടിച്ചെടുത്തത്. മെയ് മാസത്തിൽ ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും കാറിൽ കടത്തുകയായിരുന്ന 5 ലക്ഷം രൂപയുടെ ലഹരി ഉൽപ്പന്നങ്ങളും ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ മായന്നൂർ,ഒറ്റപ്പാലം പത്തിരിപ്പാല എന്നീ ഗോഡൗണുകളിൽ നിന്നായി 80 ലക്ഷം രൂപയുടെ ഹാൻസ് പാക്കേറ്റുകളുമാണ് പിടിച്ചെടുത്തത്. ഓഗസ്റ്റ് മാസം ചെറുതുരുത്തി പള്ളം പള്ളിക്കൽ കോഴിഫാമിന്റെ മറവിൽ സൂക്ഷിച്ചിരുന്ന 150 ഓളം ചാക്കുകളിൽ നിന്നായി പിടിച്ച 57 ലക്ഷം രൂപയുടെ ലഹരി ഉൽപ്പന്നങ്ങളും ഈ വർഷം പിടിച്ചെടുത്ത മൊത്തം 3 ലക്ഷം ഹാൻസ് പാക്കറ്റുകളും നശിപ്പിച്ചവയിൽ പെടുന്നു. പകുതിയോളം ലഹരി ഉത്പന്നങ്ങൾ നശിപ്പിച്ചു കളയുന്നതിന് കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. സ്റ്റേഷനിലെ സ്ഥലപരിമിതികൾ മൂലം മൂന്നുലക്ഷം ഹാൻസ് പാക്കേറ്റുകൾ വാഹന ഷെഡിലാണ് സൂക്ഷിച്ചിരുന്നത്. ചെറുതുരുത്തി സി.ഐ.എ. അനന്തകൃഷ്ണൻ, എസ്.ഐ.എ.ആർ. നിഖിൽ,എ.എസ്.ഐ. ശ്രീദേവി, സീനിയർ സി.പി.എം വിനീത് മോൻ, സുബിൻ,ഗിരീഷ് എന്നിവർ അടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.


ദേശമംഗലത്തെ ജനവാസമേഖലയല്ലാത്ത ആളൊഴിഞ്ഞ ക്വാറിയിലാണ് മൂന്നുലക്ഷം പാക്കറ്റുകൾ പരിസ്ഥിതിക്ക് ദോഷമല്ലാത്ത രീതിയിൽ നശിപ്പിച്ചത്.
അനന്തകൃഷ്ണൻ
ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ