
തൃശൂർ: പള്ളി പെരുന്നാളിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി നൃത്തം ചെയ്ത് യുവാക്കൾ. തടയാൻ ചെന്ന പൊലീസിനെയും യുവാക്കൾ ആക്രമിച്ചു. അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പുഴയ്ക്കൽ ആമ്പക്കാട് തുമാട്ട് അഭിത്ത് (23),സഹോദരൻ അജിത് (24),ചിറ്റാട്ടുകര പീച്ചിലി ധനൻ (31),കുന്നത്തങ്ങാടി പൊന്മാണി വീട്ടിൽ എഡ് വിൻ ജോസ് (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പതിനഞ്ചംഗ സംഘം പുഴയ്ക്കൽ ആമ്പക്കാട് പള്ളി തിരുനാളിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതും പൊലീസിനെ ആക്രമിച്ചതും. അമ്പു പ്രദക്ഷിണത്തിനിടെ മദ്യലഹരിയിലായ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. അതു തടയാനെത്തിയ പേരാമംഗലം പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. തുടർന്ന് സംഘത്തിലെ അഭിത്ത് പൊലീസ് ജീപ്പിന് മുകളിൽ കയറി നൃത്തം ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ താഴെയിറക്കി. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.