പാവറട്ടി: പാവറട്ടി പഞ്ചായത്ത് പതിനാലാം വാർഡിൽ പള്ളിക്കുളം വഴി വെന്മേനാട് റോഡിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ട്രാൻഫോർമർ വളരെ താഴ്ത്തിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്യൂസ് കാരിയറിന് നിലത്തുനിന്ന് രണ്ടടിയോളം മാത്രമാണ് ഉയരം. സാമൂഹികദ്രോഹികൾ ഫ്യൂസ് ഊരിവയ്ക്കുന്നത് പതിവാണ്. പാവറട്ടി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കോൺവൻ്റ് ഗേൾസ് ഹൈസ്‌കൂൾ, സാൻ ജോസ് പബ്ലിക് സ്‌കൂൾ, വെന്മേനാട് ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങി പത്തോളം സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ കാൽനടയായി പോകുന്നത് ഈ റോഡിലൂടെയാണ്. ട്രാൻസ്‌ഫോമർ ഉയർത്തി അതിനുചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബി.ജെ.പി പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.വി.ഹരിഹരൻ കെ.എസ്.ഇ.ബി അധികൃതർക്കും പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എം.റെജീനയ്ക്കും സെക്രട്ടറിക്കും പ്രശ്‌നപരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നല്കി.
ട്രാൻസ്‌ഫോഫോമറിന് ചുറ്റും അടിയന്തിരമായി കമ്പിവേലി കെട്ടി അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി പാവറട്ടി സെക്ഷൻ ഓഫീസിന് നിദേശം നൽകിയിട്ടുണ്ട്.
എം.എം. റെജീന, പാവറട്ടി പഞ്ചായത്ത് പ്രസിഡൻ്റ്