1

തൃശൂർ : കഴിഞ്ഞ ദിവസം രാത്രി പുഴയ്ക്കൽ ആമ്പക്കാട് പള്ളി പെരുന്നാളിനിടെ പതിനഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം നിയമപാലകരെയും അമ്പരപ്പിച്ചു. സമാധാനപരമായി നടന്നിരുന്ന പെരുന്നാളാഘോഷത്തെയാണ് സംഘം സംഘർഷഭരിതമാക്കിയത്. മദ്യപിച്ച് ലക്കുക്കെട്ട സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഇത് തടയാൻ വന്ന പൊലീസിനെയും വെറുതെ വിട്ടില്ല. പേരാമംഗലം പൊലീസ് സ്റ്റേഷന്റെ വാഹനത്തിന് മുകളിലായിരുന്നു യുവാക്കളുടെ പരാക്രമം.
പൊലീസ് ജീപ്പിന് മുകളിൽ കയറി നിന്ന് വെല്ലുവിളി നടത്തിയ സംഘത്തിൽപ്പെട്ടയാൾ ഏറെ നേരം ഇത് തുടർന്നു. പൊലീസ് വാഹനത്തിന് മുകളിൽ കയറിയ യുവാവിനെ, വീര നായകനെ പോലെ ആവേശം കൊള്ളിച്ച് സംഘാംഗങ്ങൾ ആരവം മുഴക്കി. മൊബൈൽ ചിത്രങ്ങളും വീഡിയോയും എടുത്തു.

യുവാക്കളുടെ അതിക്രമം കണ്ടതോടെ പെരുനാളാഘോഷം കാണാനെത്തിയ പലരും പേടിച്ച് വീട്ടിലേക്ക് മടങ്ങി. രണ്ട് സംഘങ്ങളിലായി പതിനഞ്ചോളം പേരുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതിൽ നാലോളം പേർ അറസ്റ്റിലായിട്ടുണ്ട്. ബാക്കി പത്തിലേറെ പേർക്കായി അന്വേഷണം ആരംഭിച്ചു.

ആഘോഷം അതിരുവിട്ട്

അടുത്ത കാലത്തായി ജില്ലയിൽ ഗുണ്ടാ - ക്രിമിനൽ സംഘങ്ങൾ വിലസുകയാണ്. എതാനും മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയ ഗുണ്ടാ നേതാവിന് സ്വീകരണം നൽകി വരടിയം പാടത്ത് അറുപതോളം സംഘങ്ങൾ ആഘോഷത്തിനെത്തിയത്. എതാനും ദിവസം മുമ്പാണ് പഴുവിൽ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ അക്രമം നടത്തുകയും ക്ഷേത്രം ഭാരവാഹികളുടെ വീട് ആക്രമിക്കുകയും സി.പി.ഐ ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ 11ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.