
തൃശൂർ: വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് ചേലക്കരയിൽ നിന്ന് വിജയിച്ച നിയുക്ത എം.എൽ.എ യു.ആർ.പ്രദീപ്. തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരക്കൊല്ലമാണ് മുന്നിലുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി കോച്ചിംഗ് കേന്ദ്രം ആരംഭിക്കുന്നതിന് ശ്രമിക്കും. പട്ടികജാതി വർഗ വിഭാഗത്തിലുള്ളവരെ കൈപിടിച്ചുയർത്താനുള്ള ശ്രമമുണ്ടാകും. കാർഷിക മേഖല, റോഡ് നിർമ്മാണം തുടങ്ങിയവയ്ക്ക് വേണ്ട പ്രവർത്തനം മുൻകാലങ്ങളിലേത് പോലെയുണ്ടാകും. 2016ൽ ചേലക്കരയുടെ ജനപ്രതിനിധിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഇപ്പോഴത്തെ വിജയം.
അന്തിമഹാകാളൻകാവ് ക്ഷേത്രം പൂരം വെടിക്കെട്ട് വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയും എന്നതിൽ ജനങ്ങൾക്ക് ഒപ്പം നിന്ന് ആലോചിച്ച് തീരുമാനമെടുക്കും. വന്യമൃഗ ശല്യം ഏറെ രൂക്ഷമാണ്. അത് സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ നടക്കില്ല. കേന്ദ്ര സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണം. പ്രളയത്തിൽ തകർന്ന ചെക്ക് ഡാമുകൾ തന്റെ കാലയളവിൽ യുദ്ധകാലടിസ്ഥാനത്തിൽ ചെയ്തു തീർത്ത് കർഷകർക്ക് വെള്ളമെത്തിക്കാനായി. കെ.രാധാകൃഷ്ണൻ തുടങ്ങിവച്ച പ്രവർത്തനം പൂർത്തിയാക്കാൻ ശ്രമിക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ കുറിച്ച് വോട്ടർമാരാണ് സൂചന നൽകിയത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് തെളിവുസഹിതം വിശദവിവരം പുറത്തുവിടും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി രഞ്ജിത്ത് ബാലൻ സ്വാഗതവും നീലാംബരൻ നന്ദിയും പറഞ്ഞു.
ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയത് ഗൗരവതരം
ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയത് ഗൗരവമായി കാണുന്നു. അത് വിശദമായി പരിശോധിക്കും. തിരുവില്വാമല സ്വദേശിയായ സ്ഥാനാർത്ഥിയായതിനാലാണ് വോട്ടു വർദ്ധനവുണ്ടായത്. അത്തരം വ്യക്തിപരമായ വോട്ടുകൾ എല്ലാവർക്കും കിട്ടിയിട്ടുണ്ട്. മറ്റുകാര്യങ്ങൾ പരിശോധിച്ച് കുറവുകൾ നികത്തി മുന്നോട്ടുപോകും.