apakadam
വാഹനാപകടം

മുണ്ടൂർ: മുണ്ടൂരിൽ സ്കൂൾ വാഹനം തട്ടി നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടരയ്ക്ക് മുണ്ടൂർ പഞ്ഞംമൂല പരിസരത്തായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്തുനിന്നു മുണ്ടൂർ ഭാഗത്തേക്ക് വന്നിരുന്ന മിനി ലോറിയുടെ പിറകിൽ സ്കൂൾ വാഹനം തട്ടി നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് കിണറിൻ്റെ ആൾമറയിൽ ഇടിച്ചു നിന്നു.

വാഹനമോടിച്ചിരുന്ന 36 വയസുള്ള സ്മിജോയും നാല് ഒറീസ സ്വദേശികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സ്കൂൾ വാഹനത്തിനും ചെറിയ പോറലുകൾ സംഭവിച്ചിട്ടുണ്ട്. പേരാമഗലം പോലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.