
നാട്ടികയിൽ ഇരകളായത് രണ്ട് കുട്ടികൾ ഉൾപ്പെട്ട സംഘം
മദ്യപിച്ച് അപകടമുണ്ടാക്കിയ ക്ളീനറും ഡ്രൈവറും പിടിയിൽ
തൃപ്രയാർ: ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് മദ്യപിച്ച് ലക്കുകെട്ട് തടിലോറി ഓടിച്ചുകയറ്റി
രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനെടുത്തു. ഏഴ് പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. തൃശൂർ നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഇന്നലെ പുലർച്ചെ നാലോടെയാണ് ദാരുണ സംഭവം. പാലക്കാട്ടു നിന്നുള്ള നാടോടി സംഘമാണ് അപകടത്തിൽപ്പെട്ടത്.
കണ്ണൂർ ആലക്കോട് സ്വദേശി ലോറി ക്ളീനർ അലക്‌സാണ്ടറാണ് ലോറി ഓടിച്ചിരുന്നത്. ഇയാൾക്ക് ലൈസൻസില്ല. അലക്‌സാണ്ടറെയും ഡ്രൈവർ കണ്ണൂർ സ്വദേശി ജോസിനെയും അറസ്റ്റു ചെയ്തു. നരഹത്യക്കാണ് കേസ്. അപകടം നടക്കുമ്പോൾ ഡ്രൈവർ മദ്യപിച്ച് അടുത്ത സീറ്റിൽ ഉറക്കത്തിലായിരുന്നു.
പാലക്കാട് മീൻകര ഡാം ചെമ്മനംതോട് കോളനിയിൽ താമസക്കാരായ കാളിയപ്പൻ (50), ഭാര്യ നാഗമ്മ (39), മകൻ വിജയുടെ ഭാര്യ രാജേശ്വരി (ബംഗാരി 20), മകൻ വിശ്വ (ഒരു വയസ്), ഇവരുടെ ബന്ധു രമേശിന്റെയും ചിത്രയുടെയും മകൾ ജീവ (4) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കിടന്നുറങ്ങിയിരുന്ന ദേവചന്ദ്രൻ (31), ദേവചന്ദ്രന്റെ ഭാര്യ ജാൻസി (29), മകൾ ശിവാനി (5), ദേവചന്ദ്രന്റെ സഹോദരൻ വിജയ് എന്നിവരാണ് തൃശൂർ മെഡിക്കൽ കോളേജിലുള്ളത്.
ബാരിക്കേഡ് തകർത്ത്
ചതച്ചരച്ച് തടിലോറി
കണ്ണൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്നു ലോറി. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് വഴി തിരിച്ചുവിട്ടിരുന്നു. ബാരിക്കേഡും ദിശാ ബോർഡും സ്ഥാപിച്ചിരുന്നു. ഡ്രൈവർ ഇതു കാണാതെ വന്ന വേഗതയിൽ വാഹനം മുന്നോട്ടെത്തു. ബാരിക്കേഡ് തകർത്താണ് ലോറി പാഞ്ഞുകയറിയത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി 250 മീറ്റർ മുന്നോട്ട് പോയാണ് ലോറി നിന്നത്. വണ്ടി തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കെ നാട്ടുകാർ തടയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസിന്റെ പരിശോധനയിൽ ക്ലീനർ അലക്‌സാണ് വാഹനം ഓടിച്ചതെന്നും ഇയാൾക്ക് ലൈസൻസില്ലെന്നും കണ്ടെത്തി. ഇയാളും ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. മൂന്ന് മാസം മുമ്പ് കൂലിപ്പണികൾക്കായാണ് നാടോടി സംഘം ഇവിടെയെത്തിയത്. സ്ഥിരമായി ഇതേ പ്രദേശത്ത് റോഡരികാലാണ് കിടന്നുറങ്ങിയിരുന്നത്.