geetha-rani
1

കൊടുങ്ങല്ലൂർ : നഗരസഭ ചേരമാൻ മസ്ജിദ് 41-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വീറും വാശിയുമായി മുന്നണികൾ മത്സരരംഗത്ത്. എൽ.ഡി.എഫും എൻ.ഡി.എയും ബലാബലം അംഗബലമുള്ള നഗരസഭയിൽ ഇരുമുന്നണികളും ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 22 അംഗങ്ങളുടെ പിന്തുണയിൽ ഭരിക്കുന്ന എൽ.ഡി.എഫിന് ചേരമാൻ മസ്ജിദ് വാർഡിൽ കൂടി ജയം നേടാനായാൽ ഭരണസ്ഥിരത ഉറപ്പാക്കാനും ജയം ഭരണനേട്ടമായി ഉയർത്തിക്കാട്ടാനുമാകും. തങ്ങളുടെ സിറ്റിംഗ് വാർഡിൽ ജയം നേടിയാൽ നഗരസഭയിൽ 21 അംഗങ്ങളുടെ പിന്തുണയാകും എൻ.ഡി.എയ്ക്ക്. ഏക യു.ഡി.എഫ് അംഗത്തിന്റെ പിന്തുണ കൂടി ലഭ്യമായാൽ അവിശ്വാസം കൊണ്ടുവരാനും എൽ.ഡി.എഫിനെ താഴെയിറക്കാനുമാകും. അതേസമയം ചേരമാൻ മസ്ജിദ് വാർഡിൽ ജയിച്ചാൽ ഇടതു-എൻ.ഡി.എ മുന്നണികൾക്കെതിരായ ജനകീയ വിലയിരുത്തലായാകും യു.ഡി.എഫ് അതിനെ നോക്കിക്കാണുക.

വാർഡിനെ പ്രതിനിധീകരിച്ചിരുന്ന ബി.ജെ.പിയിലെ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ രാജിവച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമായ പി.യു. സുരേഷ് കുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ട്രേഡ് യൂണിയൻ പ്രവർത്തകനായ ജി.എസ്. സുരേഷുമാണ് മത്സരിക്കുന്നത്. വാർഡ് നിലനിറുത്താൻ ബി.ജെ.പി ഇതേ വാർഡിലെ കുടുംബശ്രീ അംഗവും ആരോഗ്യ പ്രവർത്തകയുമായ ഗീതാറാണിയെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ഗീതാ റാണി മുഖേന വാർഡ് നിലനിറുത്താൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കൂട്ടുന്നത്.
2005ൽ നഗരസഭയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന സി.പി.ഐയിലെ ജി.എസ്. സുരേഷാണ് എൽ.ഡി.എഫ് സ്ഥാഥാനാർഥി. എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള അംഗൻവാടി ഹെൽപ്പേഴ്‌സ് യൂണിയൻ, വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ, സെക്യൂരിറ്റി യൂണിയൻ എന്നിവയുടെ സംഘാടകനും സംസ്ഥാന സമിതി അംഗവുമാണ് ജി.എസ്. സുരേഷ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.യു. സുരേഷ് കുമാർ 2015ൽ ഈ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് 46 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധിയായ ഇദ്ദേഹം കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ അക്കൗണ്ടന്റാണ്. വാർഡ് തിരിച്ചുപിടിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ബി.ജെ.പി.യാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്.

ചേരമാൻ മസ്ജിദ് വാർ‌ഡ്