malinaym
1

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിന്റ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പി. വെമ്പല്ലൂരിലെ തെക്കൂട്ട് ബസാറിലുള്ള മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഇവിടെ നിക്ഷേപിക്കാൻ കൊണ്ടുവന്ന മാലിന്യവാഹനം നാട്ടുകാർ തടഞ്ഞു. ഇവിടെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ വീണ്ടും നിക്ഷേപിക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഇതേത്തുടർന്ന് മാലിന്യവുമായി വന്ന വാഹനം തിരിച്ചുവിട്ടു.
മാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരെ നേരത്തെ തന്നെ പരിസരവാസികൾ രംഗത്തെത്തിയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തൃശൂർ ആർ.ഡി.ഒ, കൊടുങ്ങല്ലൂർ താഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകി.

മാരക രോഗങ്ങളുണ്ടാകുമെന്ന് ആശങ്ക
മാരക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും മാലിന്യ സംഭരണ കേന്ദ്രം വഴിവയ്ക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. മഴക്കാലത്ത് പ്രദേശത്ത് കുടിവെള്ളം മലിനമാകുമെന്നും ആശങ്കയുണ്ട്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യശേഖരത്തിൽ പട്ടി, പൂച്ച, കൊതുക്, ജന്തുക്കൾ എന്നിവയുടെ ശല്യവും വർദ്ധിച്ചു വരികയാണ്. മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം പി. വെമ്പല്ലൂർ വില്ലേജ് ഓഫീസ്, അംഗൻവാടി, മൃഗസംരക്ഷണ സബ് സെന്റർ, മത്സ്യ ഭവൻ, ജല സ്രോതസ്, വാട്ടർ ടാങ്ക്, കിണർ എന്നിവയോട് ചേർന്നാണ് ഈ മാലിന്യ നിക്ഷേപ കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.