ചാവക്കാട്: ആത്മഹത്യാ പ്രേരണകുറ്റത്തിന് ഭർത്താവിന് ഏഴരവർഷം തടവ്. എങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെയാണ് (58) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകൾ ചുമത്തി ഏഴര വർഷം കഠിനതടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. 2019 സെപ്റ്റംബർ 12നാണ് തിരുവോണ നാളിൽ രാത്രി ഭാര്യ തളിക്കുളം ത്രിവേണിയിൽ കുട്ടൻ പറമ്പത്ത് അപ്പുമകൾ ഷീജ (50) മണ്ണെണ്ണ ഒഴിച്ച് കൊളുത്തിയത്. 30 വർഷം മുമ്പാണ് ശ്രീജയുടെ വിവാഹം നടന്നത്. ഒരു മകനുണ്ട്. വിവാഹ സമയത്ത് നൽകിയ 20 പവൻ സ്വർണാഭരണവും പതിനായിരം രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തീർത്ത ശേഷം വീണ്ടും സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനം സഹിക്കാതെ ഷീജയും മകനും തളിക്കുളത്ത് ത്രിവേണിയിലുള്ള അമ്മ ഹൈമാവതിയുടെ വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് ഉണ്ണികൃഷ്ണനും അവിടെ വന്ന് താമസമാക്കി. സംഭവദിവസം ഉച്ചയോടെ അമ്മ ഹൈമാവതിയുടെ അനുജത്തിയുടെ മകളും ഭർത്താവും വിരുന്നുകാരായി വീട്ടിലുണ്ടായിരുന്നു. രാത്രിയോടെ പ്രതി എല്ലാവരെയും മർദ്ദിക്കാനും തെറി വിളിക്കാനും തുടങ്ങിയതോടെ ഷീജ വീടിന്റെ പിറകുവശത്ത് പോയി സ്വയം തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഷീജ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു.പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ ആർ.രജിത് കുമാർ ഹാജരായി