മുളങ്കുന്നത്തുകാവ് : നാട്ടികയിൽ ഉറക്കത്തിൽ ലോറി പാഞ്ഞുകയറി പരിക്കേറ്റ കുഞ്ഞിനെ കുറച്ചുനേരത്തെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞാണ് അച്ഛൻ പാലക്കാട് മീൻകര ഡാം ചെമ്മനംതോട് രമേശ് കരയുന്നത്. മരിച്ച ഒരു വയസുകാരൻ വിശ്വനെ കൈയിലെടുക്കുമ്പോൾ ശരീരത്തിൽ നിന്ന് പ്രാണൻ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ഒരു വയസും രണ്ട് മാസവും മാത്രം പ്രായമുള്ള വിശ്വനെ ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിലേക്കോടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവ സംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള വാട്‌സ് ആപ്പ് മുന്നറിയിപ്പുകൾ വിനയായി. ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടില്ലെന്ന് അച്ഛൻ നിലവിളിയോടെ പറഞ്ഞു. ഒടുവിൽ റോഡിന്റെ നടുവിൽ കയറിക്കിടന്നു. ഇതോടെയാണ് വാഹനങ്ങൾ നിറുത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും. പക്ഷേ ആശുപത്രിയിലെത്തിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല.