ഗുരുവായൂർ: ഏകാദശി നാളിലെ ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് വിവാദമാക്കുന്നത് ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങൾ. ഉദയാസ്തമന പൂജയുള്ളപ്പോൾ കൂടുതൽ തവണ നടയടയ്ക്കേണ്ടതുണ്ട്. ഏകാദശി ദിവസം കൂടുതൽ തവണ നടയടയ്ക്കുമ്പോൾ മണിക്കൂറുകൾ വരിനിന്ന് ദർശനം നടത്താനാവാതെ മടങ്ങുന്ന ഭക്തർക്കു വേണ്ടിയാണ് പൂജ തുലാമാസത്തിലെ ഏകാദശി നാളിലേക്ക് മാറ്റിയത്. മണിക്കൂറുകൾ കഷ്ടപ്പെട്ട് ദർശനം നടത്തുന്നവർ വിവാദത്തിന് പിന്നിലില്ലെന്നും വി.ഐ.പി ദർശനം നടത്തുന്നവരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വത്തിലെ ലോക്കറ്റ് സ്വർണമല്ലെന്നും വഴിപാട് രശീതിലെ എ.കെ.ജി രാഷ്ട്രീയവത്ക്കരണമാണെന്നും ആനയ്ക്ക് കുറിതൊടരുതെന്ന് ദേവസ്വം നിർദേശം നൽകിയെന്നുമെല്ലാം പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുന്നവരാണ് ഇതിന് പിന്നിൽ. തന്ത്രിയെടുക്കുന്ന തീരുമാനമാണ് പൂജ കാര്യങ്ങളിൽ അവസാന വാക്ക്. പൂജ മാറ്റുന്ന കാര്യത്തിൽ ദേവസ്വം അഭിപ്രായം തേടിയപ്പോൾ ദേവഹിതം നോക്കിയത് തന്ത്രിയാണ്. വിവാദങ്ങൾ സൃഷ്ടിക്കുന്നവർ തന്ത്രിയെപ്പോലും വെറുതെ വിടുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ പി.എസ്. വിനയൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.