തൃശൂർ : അതിദാരുണമായ സംഭവമറിഞ്ഞാണ് ഇന്നലെ ഏകാദശി പുലരിയിൽ നാട്ടിക ഞെട്ടിയുണർന്നത്. മദ്യപിച്ചു വണ്ടിയോടിച്ച് നിയന്ത്രണം വിട്ട തടിലോറിയിടിച്ച് കുരുന്നുകൾ അടക്കം അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. മാതാപിതാക്കളുടെ സ്നേഹത്തണലിൽ എല്ലാം മറന്ന് ഉറങ്ങവേയാണ് കുരുന്നുകളുടെ അടുത്തേക്ക് മരണം പാഞ്ഞുകയറിയെത്തിയത്. ഒന്ന് ഓടി മാറാൻ കഴിയും മുൻപ് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് ബ്ലോക്ക് ചെയ്ത് ബാരികേഡ് വെച്ചിരുന്നെങ്കിലും അത് തകർത്ത് മുന്നോട്ട് കുതിച്ച ലോറി ഉറങ്ങിക്കിടന്നിരുന്നവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
പാലക്കാട് മീൻകര ഡാം ചെമ്മനംതോട് കോളനി കാളിയപ്പൻ (50), ഭാര്യ നാഗമ്മ (39), ഇവരുടെ മകൻ വിജയുടെ ഭാര്യ രാജേശ്വരി (ബംഗാരി 20), മകൻ വിശ്വ (1 വയസ്), ഇവരുടെ ബന്ധു രമേശിന്റെയും ചിത്രയുടെയും മകൾ ജീവ (4) എന്നിവരാണ് രക്ഷപ്പെടാനുള്ള ഒരു അവസരം പോലും ഇല്ലാതെ പിടഞ്ഞുമരിച്ചത്. മരിച്ചവരിൽ മുതിർന്ന മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം ചതഞ്ഞരഞ്ഞു. ദേവേന്ദ്രൻ, ജാൻസി , വിജയ്, ചിത്ര, ശിവന്യ എന്നിവർക്കാണ് ഗുരതര പരിക്ക്. അപകടം നടന്ന് 200 മീറ്റർ അകലെയാണ് പിന്നീട് ലോറി നിന്നത്. ഒരു കുട്ടിയുടെ അടക്കം മൂന്ന് പേരുടെ പോസ്റ്റ് മോർട്ടം ജില്ലാ ജനറൽ ആശുപത്രിയിലും രണ്ടുപേരുടെ മെഡിക്കൽ കോളേജിലുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

കിടന്നുറങ്ങിയത് 12 പേർ; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തൃശൂർ/തൃപ്രയാർ: ഏകാദശി പ്രമാണിച്ച് പാർക്കിംഗ് ഏർപ്പെടുത്തിയതിനാൽ ദേശീയപാതയിൽ റോഡുപണി നടക്കുന്നതിന് അപ്പുറത്തേക്ക് വാഹനമെത്തില്ലെന്ന വിശ്വാസത്തിലാണ് അപകടം നടന്ന സ്ഥലം കിടക്കാൻ തെരഞ്ഞെടുത്തതെന്ന് അപകടത്തിൽ നിന്ന് രക്ഷപെട്ടവർ പറഞ്ഞു. 12 പേരാണ് ഒരുമിച്ച് കിടന്നുറങ്ങിയത്. വാഹനങ്ങൾ തിരിച്ചുവിടാനുള്ള ദിശാ ബോർഡും ബാരിക്കേഡുമൊക്കെ അവിടെ ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസത്തിന്റെ ബാരിക്കേഡും പൊളിച്ചാണ് മരണദൂതുമായി തടിലോറിയെത്തിയത്. ബാരിക്കേഡിന് പുറമേ വാഹനങ്ങൾ കടക്കാതിരിക്കാൻ തെങ്ങിൻ തടികളും റോഡിലിട്ടിരുന്നു. ഇതെല്ലാം മറികടന്നാണ് പുലർച്ചെ വണ്ടിയെത്തിയത്. ഉറങ്ങാൻ കിടന്ന് നേരം പുലരുമ്പോൾ കൂടെ കിടന്നവരിൽ അഞ്ചുപേർ തങ്ങളെ വിട്ടുപോയ വിവരം ശേഷിക്കുന്നവരെ വല്ലാതെ തളർത്തി. ഒപ്പം തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയതിന്റെ തരിപ്പും അവർക്കുണ്ട്. ശബ്ദം കേട്ടയുടൻ എഴുന്നേറ്റോടാൻ എങ്ങനെ കഴിഞ്ഞുവെന്ന് ഇപ്പോഴും അവർക്കറിയില്ല.

നടുക്കം വിട്ടുമാറാതെ ഓടിക്കൂടിയവർ

പുലർച്ചെയായതിനാൽ അപകടം നടക്കുമ്പോൾ അധികമാളുകൾ റോഡികിലുണ്ടായിരുന്നില്ല. അപകടത്തിന്റെ ശബ്ദവും രക്ഷപെട്ടവരുടെ കരച്ചിലും കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഉടനെ 108 ആംബുലൻസിലും മറ്റ് ആംബുലൻസിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഓടിക്കൂടിയവർക്ക് നടുക്കുന്ന കാഴ്ചയായിരുന്നു ഇതെല്ലാം. ചോര തളം കെട്ടി
നിൽക്കുകയായിരുന്നു.