മദ്യലഹരിയിലായിരുന്ന ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് ലോറി കൈമാറിയത് പൊന്നാനിയിൽ വച്ചാണെന്ന് പൊലീസിനോട് പറഞ്ഞു. മാഹിയിൽ നിന്ന് രണ്ടു പേരും മദ്യപിച്ച ശേഷം വാഹനം നിറുത്താതെയാണ് ഓടിച്ചുവന്നത്. ഉറക്കം വന്നതോടെ നിയന്ത്രണം വിടുമെന്ന് കണ്ടാണ് ക്ലീനറെ ഡ്രൈവിംഗ് സീറ്റിലിരുത്തിയത്. ലൈസൻസില്ലെങ്കിലും ക്ലീനർ വാഹനമോടിക്കും. രാവിലെ എട്ടിനകം പെരുമ്പാവൂരിലെത്തണമെന്ന ആഗ്രഹത്തിലാണ് നിറുത്താതെ പോകാൻ തീരുമാനിച്ചതത്രേ. ആളുകളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും ലോറി വീണ്ടും മുന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് റോഡിലെ ഇടുങ്ങിയ ഭാഗത്തെത്തിയപ്പോഴാണ് മുന്നോട്ടു പോകാനാകാതെ ലോറി നിറുത്തിയത്.