തൃശൂർ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംഗീതനാടക അക്കാഡമി പതിനഞ്ച് വർഷമായി നടത്തുന്ന രാജ്യാന്തര നാടകോത്സവത്തിന് ഇത്തവണ തിരശീല ഉയരുമോയെന്ന് ആശങ്ക. സർക്കാർ ഗ്രാൻ്റ് കൃത്യമായി കിട്ടിയില്ലെങ്കിൽ സംഗീത, നാടക വിദ്യാർത്ഥികൾക്ക് അക്കാഡമി നൽകുന്ന സ്റ്റെെപ്പൻ്റും സ്കോളർഷിപ്പും കലാകരന്മാർക്കുള്ള പെൻഷനും വരെ മുടങ്ങിയേക്കും.
രാജ്യാന്തര ചലച്ചിത്രോത്സവം പോലെ ലോകശ്രദ്ധ നേടിയ 'ഇറ്റ്ഫോക് ' നാടകോത്സവം എല്ലാ വർഷവും ഫെബ്രുവരിയിലാണ് നടത്താറ്.
ചുരുങ്ങിയത് മൂന്ന് കോടി രൂപ ചെലവാകും. ഒരുക്കങ്ങൾ തുടങ്ങാറായെങ്കിലും സാംസ്കാരിക വകുപ്പിൽ നിന്ന് അനുകൂല മറുപടിയില്ലെന്നാണ് വിവരം. നാടകോത്സവങ്ങളിൽ ഇതുവരെ നാനൂറോളം നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇതിൽ പകുതിയും വിദേശത്തു നിന്നുള്ളവയും ബാക്കി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയുമാണ്. അക്കാഡമി പ്രഖ്യാപിച്ചിരിക്കുന്ന അമച്വർ നാടക മത്സരത്തിലേക്കുള്ള രചനകളുടെ വായന നടക്കുകയാണ്. ഇതിനുള്ള തുക അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അക്കാഡമിയും നാടക പ്രവർത്തകരും.
തിരിച്ചടിയായി പുതിയ സർക്കുലർ
ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ശമ്പളത്തിനും മറ്റും സ്വയം തുക കണ്ടെത്തണമെന്ന പുതിയ സർക്കുലർ സംഗീത നാടക അക്കാഡമിക്ക് തിരിച്ചടിയാണ്. അനുവദിക്കുന്ന തുക പോലും 10 ലക്ഷത്തിൻ്റെ ഗഡുക്കളായേ കിട്ടാറുള്ളൂ. ചുരുങ്ങിയത് രണ്ട് കോടിയെങ്കിലും വേണ്ടിടത്ത് 1.0935 കോടിയാണ് പ്ലാൻ ഫണ്ട് അനുവദിക്കാറുള്ളത്. ഇതിൽ നിന്നുവേണം വെള്ളം, വെെദ്യുതി ഉൾപ്പെടെ അടിസ്ഥാന ചെലവുകൾ വഹിക്കേണ്ടത്. തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ഇക്കൊല്ലം 7.5 കോടി പ്ലാൻ ഫണ്ട് പകുതിയായി വെട്ടിച്ചുരുക്കി.
മറ്റ് പല നാടകോത്സവങ്ങളും നിന്നുപോയപ്പോഴും ഇറ്റ്ഫോക് തുടർന്നത് നാടക സംഘങ്ങൾക്കും പ്രേമികൾക്കും പ്രോത്സാഹനമായിരുന്നു. പ്രത്യേകിച്ചും നാടകത്തിൻ്റെ ഈറ്റില്ലമായ തൃശൂരിൽ.
-കരിവെള്ളൂർ മുരളി
സെക്രട്ടറി, സംഗീത നാടക അക്കാഡമി