
തൃശൂർ: നാട്ടികയിൽ രണ്ടു കുട്ടികളടക്കം അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തടി ലോറി ഓടിച്ചിരുന്ന ക്ലീനർ വടകര മുതൽ തുടർച്ചായി മദ്യപിച്ചെന്നും മദ്യലഹരിയിൽ ഉറങ്ങിപ്പോയെന്നും മൊഴി. മദ്യലഹരി മൂലം കണ്ണടച്ച് പോയപ്പോൾ ബാരിക്കേഡുകൾ കാണാതെയായി. ലോറി എന്തിലോ തട്ടുന്നുവെന്ന് തോന്നിയപ്പോൾ വെട്ടിച്ചുമാറ്റി. ഇതോടെ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ലോറി പാഞ്ഞു കയറി. വഴി തെറ്റിയെന്ന് മനസിലായപ്പോൾ ലോറി പിന്നോട്ടെടുത്തു. വീണ്ടും ഇവരുടെ ശരീരത്തിലേക്ക് ലോറി കയറി. വൈകിട്ട് അഞ്ചോടെയാണ് പെരുമ്പാവൂരിലേക്ക് തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്നു വാങ്ങിതാണ് മദ്യം. വടകര മുതൽ മദ്യപാനം തുടങ്ങി.
പൊന്നാനിയെത്തിയപ്പോഴേക്കും ലൈസൻസുള്ള ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നിട് ലോറി ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ അലക്‌സാണ്ടറായിരുന്നു. സ്ഥിരമായി ഇതിലെ തടി കയറ്റി വരാറുണ്ടെന്നും ഇവർ മൊഴി നൽകി. നിർമ്മാണ പ്രവർത്തനം നടക്കുന്ന കാര്യം ഇവർക്ക് അറിയാമായിരുന്നു. ജാഗ്രത പുലർത്താതെയായിരുന്നു ഡ്രൈവിംഗെന്ന് വ്യക്തമാക്കുന്നതാണ് ഈ മൊഴികളെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത രണ്ട് പേരെയും അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും. സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഡിവൈ.എസ്.പി വി.കെ.രാജു പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയാണ് ദേശീയ പാത നാട്ടികയിൽ നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞുകയറി അഞ്ചുപേർ ചതഞ്ഞുമരിച്ചത്. ഗുരുതരമായി പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.