പ്രവൃത്തി 12 കലുങ്കുകൾ ഉൾപ്പെടെ

അനുവദിച്ചത് 4.48 കോടി

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് മുതൽ മാടക്കത്തറ പഞ്ചായത്തിലെ ചെന്നിക്കര വരെ നീളുന്ന 6.47 കിലോമീറ്റർ റോഡ്‌ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. അടുത്ത ദിവസം ഒന്നര കിലോമീറ്റർ ദൂരം ടാറിംഗ് നടത്തും. മെറ്റൽ വിരി പൂർത്തിയായി. നിലവിൽ മലാക്ക കനാൽപ്പാലം മുതൽ ചെന്നിക്കര വരെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് നിർമ്മാണം. 4.48 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക അനുവദിച്ചത്. കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ് നടത്തിപ്പ് ചുമതല.

ചേലക്കര മേപ്പാടം സ്വദേശി വി.വി.ജോൺസനാണ് കരാറുകാരൻ. 12 കലുങ്ക് അടക്കമാണ് പ്രവൃത്തി. 2022 ഒക്ടോബർ 18നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2023 ഒക്ടോബർ 17നു പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. ഇതു നടക്കാതെ വന്നപ്പോൾ കഴിഞ്ഞ ജൂലൈ 17 വരെ കരാർ നീട്ടിയിരുന്നു.