തൃശൂർ: നാളികേരത്തിന് പൊതുവിപണിയിൽ വില കിലോഗ്രാമിന് 40 രൂപ. സർക്കാരിന്റെ സംഭരണവില 34 രൂപ. വിലയിലെ കുറവുകാരണം സർക്കാർ സംഭരണകേന്ദ്രങ്ങളിൽ നാളികേരം നൽകാൻ താത്പര്യം കാട്ടാതെ കർഷകർ. സംഭരണ വില കൂട്ടണമെന്ന കർഷകരുടെ ആവശ്യം നടപ്പാകുന്നില്ല. തുക കിട്ടാൻ വൈകുന്നതും സംഭരണകേന്ദ്രത്തിൽ നിന്ന് കർഷകരെ അകറ്റുന്നു.
പൊതുവിപണിയിൽ വില കൂടുതലാണെങ്കിലും ചെറുത് ഉൾപ്പെടെ തെരഞ്ഞ് മാറ്റിയിടുന്നതിനാൽ നാളികേരം മുഴുവൻ കർഷകർക്ക് വിൽക്കാനാവുന്നില്ല. സർക്കാർ സംഭരണത്തിൽ ഈ പ്രശ്നങ്ങളില്ല. അതിനാൽ വില കൂട്ടി സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കേരളത്തിൽ മാത്രമാണ് കൊപ്രയ്ക്കു പുറമേ നാളികേരത്തിനും താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. 2017ലാണ് നാളികേരസംഭരണത്തിന് അനുമതി ലഭിച്ചത്. മാർക്കറ്റ് ഫെഡ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, ഇസാഫ് മൾട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ ഏജൻസികൾക്കാണ് നാളികേര സംഭരണത്തിന് അനുമതി.
നഷ്ടമാകുന്നത് 300 കോടി
സംഭരണം കുറഞ്ഞതോടെ നാഫെഡ് വഴി കേന്ദ്രം നൽകുന്ന 300 കോടി സർക്കാരിന് മൂന്നു വർഷമായി നഷ്ടപ്പെടുന്നു. 50,000 ടൺ സംഭരിക്കാനാണ് അനുമതി. ഇതിൽ കൂടിയാലും തുക കേന്ദ്രം നൽകും. സംഭരണവിലയിൽ 30.13 രൂപ കേന്ദ്രവും 3.87 രൂപ സംസ്ഥാനവുമാണ് നൽകുന്നത്.
3 വർഷത്തെ സംഭരണം
2021-22................ 1252 ടൺ
2022-23..................300 ടൺ
2023-24................. 200 ടൺ
''സംഭരണവില കൂട്ടാൻ നടപടി സ്വീകരിക്കണം. നിലവിലുള്ള വിപണിവില എപ്പോഴാണ് താഴുകയെന്ന് പറയാനാകില്ല
-തോമസ് സാമുവൽ, എം.ഡി,
പാണഞ്ചേരി ഫാർമേഴ്സ്പ്രൊഡ്യൂസേഴ്സ് കമ്പനി