ചേർപ്പ് : ശോചനീയാവസ്ഥയിലായ ചിറയ്ക്കൽ കൊറ്റംകോട് റോഡ് പൂർവസ്ഥിതിയിലാക്കാൻ 30 ലക്ഷം രൂപയുടെ ഭരണാനുമതിയായി. സി.സി. മുകുന്ദൻ എം.എൽ.എയുടെ 2024-25 ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഈ റോഡിന് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്. കാലങ്ങളായി ഈ റോഡ് ശോചനീയാവസ്ഥയിലായിരുന്നു. ഇറിഗേഷൻ വകുപ്പിന് കീഴിലായതിനാൽ എം.എൽ.എയ്‌ക്കോ പഞ്ചായത്തിനോ പൊതുമരാമത്ത് വകുപ്പിനോ ഫണ്ട് അനുവദിക്കാൻ സാധിച്ചിരുന്നില്ല. റോഡ് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയും രൂപീകരിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഉടനെ തുക അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും അഞ്ച് മാസമായി നടപടിയായില്ല. ഇതോടെയാണ് സി.സി. മുകുന്ദൻ എം.എൽ.എ മുൻകൈയെടുത്ത് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുപ്പിച്ച്, സർക്കാരിന്റെ പ്രത്യേക അനുമതിയോടെ 30 ലക്ഷം രൂപ അനുവദിച്ചത്. സാങ്കേതികാനുമതി ഉടനെ ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിച്ച് കൊറ്റംകോട് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.