തൃശൂർ: അർദ്ധരാത്രി കഴിഞ്ഞാൽ ലോറികൾ ദേശീയപാതയിലെ അനുവദിക്കപ്പെട്ട പാർക്കിംഗ് സ്ഥലങ്ങളിൽ നിറുത്തി ഡ്രൈവർമാർ ഉറങ്ങണമെന്ന നിർദ്ദേശം പാലിക്കാത്തത് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. പകലും രാത്രിയും ദീർഘദൂര യാത്ര നടത്തുന്ന ലോറികൾ അർദ്ധരാത്രി കഴിഞ്ഞാൽ നിറുത്തിയിടണമെന്നാണ് പൊലീസ് നിർദ്ദേശം. നിറുത്താതെ ഓടുന്ന ലോറികളാണ് പുലർച്ചെ അപകടമുണ്ടാക്കുന്നതെന്ന തിരിച്ചറിവാണ് ഇത്തരത്തിൽ നിർദ്ദേശം വയ്ക്കാൻ കാരണം. മാസങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ഈ നിർദ്ദേശം നടപ്പിലാക്കാൻ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. അർദ്ധരാത്രി കഴിഞ്ഞുവരുന്ന ലോറികൾ പിടിച്ചിടുകയും ചെയ്തിരുന്നു. പിന്നീട് രാവിലെയാണ് ഈ ലോറികൾ യാത്ര തുടരാൻ അനുവദിക്കുക. ഡ്രൈവർമാർ ഉറങ്ങാതെ ഓടിച്ചുവരുന്ന ലോറികൾ പലതും അപകടത്തിൽ പെടുകയും ആളുകൾ മരിക്കുകയും ചെയ്യുന്നത് കൂടി വന്നതോടെയാണ് പൊലീസ് ഈ നിർദ്ദേശം നടപ്പാക്കിയത്.

എട്ടുമാസം മുമ്പ് തൃശൂർ - പാലക്കാട് ദേശീയപാതയിൽ ചുവന്നമണ്ണിന് സമീപം കെ.എസ്.ആർ.ടി.സി ബസിൽ പുലർച്ചെ രണ്ടോടെ ലോറി വന്നു കയറി സൈഡ് സീറ്റിലിരുന്ന രണ്ടു പേർ മരിച്ച സംഭവമുണ്ടായിരുന്നു. അന്ന് ലോറി ഡ്രൈവർ ഉറങ്ങി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതോടെയാണ് അർദ്ധരാത്രി കഴിഞ്ഞാൽ ഡ്രൈവർമാർ നിർബന്ധമായും വാഹനം നിറുത്തിയിട്ട് ഉറങ്ങിയിട്ട് മാത്രമേ പുലർച്ചെ വാഹനവുമായി യാത്ര തുടരാവൂവെന്ന നിബന്ധന കൊണ്ടുവന്നത്.

രണ്ട് മാസത്തോളം ഇത് പരിശോധിക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു. ലോറികളിൽ സാധാരണയായി ഒരു ഡ്രൈവർ മാത്രമേ ഉണ്ടാകാറുള്ളൂ. പലരും ക്ഷീണം മാറ്റാൻ ക്ലീനർമാരെ ഏൽപ്പിച്ച് ഉറങ്ങും. ഇതെല്ലാം മുന്നിൽക്കണ്ടാണ് പൊലീസ് അർദ്ധരാത്രിയിലെ ലോറി ഓട്ടം അവസാനിപ്പിച്ചത്. പക്ഷേ ആരും ശ്രദ്ധിക്കാതായതോടെ വീണ്ടും അപകടങ്ങൾ പതിവായി. ദീർഘദൂര യാത്ര പോകുന്ന ലോറികളിലും ബസുകളിലും രണ്ടു ഡ്രൈവർമാർ ഉണ്ടാകണമെന്ന നിബന്ധന കർശനമാക്കാൻ പൊലീസ് നീക്കമുണ്ട്. നിലവിൽ ദൂർഘദൂര ബസുകളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാകാറുണ്ട്. പക്ഷേ ലോറികളിലില്ല. ഇതു സംബന്ധിച്ച് ഉന്നതതലത്തിൽ ചർച്ച നടത്തി ദേശീയപാതയിൽ നിർദ്ദേശം നടപ്പാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.