fish
1

കൊടുങ്ങല്ലൂർ : കടലിൽ നിന്ന് കൂട്ടത്തോടെ ചെറു മീനുകൾ പിടികൂടുന്നത് വ്യാപകം. രണ്ടാഴ്ചയ്ക്കിടെ രണ്ട് ബോട്ടുകളാണ് ഇത്തരത്തിൽ ചെറുമീനുകളുമായി ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. മീനുകളുടെ പ്രജനന കാലമായതിനാൽ ഈ സീസണിൽ ചെറുമീനുകൾ പിടികൂടുന്നത് മീനുകളുടെ വൻനാശത്തിന് വഴിവയ്ക്കും. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ നഗ്നമായ ലംഘനമാണത്. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് ചെറുമത്സ്യങ്ങൾ പൊടിക്കാനായി മുനമ്പം, അഴീക്കോട് ഹാർബറുകളിൽ നിന്ന് വ്യാപകമായി കയറ്റിപ്പോകുന്നുണ്ടെന്ന വിവരം ഫിഷറീസ് വകുപ്പുന് ലഭ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറുമീനുകൾ പിടിക്കുന്നതിനെതിരെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംഘം കർശനമായ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറുമീനുകൾ പിടിക്കുന്നത് കർശനമായി തടയാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഇതിനായി പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ പിടികൂടിയത് 7500 കിലോ കിളിമീൻ

കിളമീൻ ഇനത്തിൽപ്പെട്ട 12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ഏകദേശം 7500 കിലോ ചെറുമീനുകളാണ് ഇന്നലെ മുനമ്പം പോണത്ത് വിട്ടിൽ രാജേഷ് എന്നയാളുടെ സഞ്ജു എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് രണ്ടരലക്ഷം രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗയോഗ്യമായ 44, 000 രൂപയുടെ മത്സ്യം ലേലം ചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. വ്യാകുലമാത എന്ന മത്സ്യബന്ധന ബോട്ടും അതിൽ സൂക്ഷിച്ചിരുന്ന 4000 കിലോ തൂക്കം വരുന്ന കിളിമീൻ ജനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയും കഴിഞ്ഞ ആഴ്ചയിൽ പിടിച്ചെടുത്തിരുന്നു. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്റുകളിലും നടത്തിയ പ്രത്യേക പരിശോധനയിലാണ് ചെറുമത്സ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് പിടിച്ചെടുത്തത്. എ.എഫ്.ഇ.ഒ: സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്‌സ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ ഫസൽ, ഷിഹാബ്, സ്രാങ്ക് ദേവസി മുനമ്പം, എഞ്ചിൻ ഡ്രൈവർ ഫിലിക്‌സ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.