തൃശൂർ: അഡ്വാൻസ് തുക കൈപ്പറ്റി, ഫർണിച്ചറുകൾ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് 25000 രൂപയും 5 ശതമാനം പലിശയും നൽകാൻ ഉപഭോക്തൃകോടതി വിധി. തൃശൂർ അയ്യന്തോൾ സ്വദേശി അവനിക്കാട്ട് മനയിൽ ഡോ. നീലകണ്ഠൻ ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടക്കലിലെ ഫർണിച്ചർ കടയുടെ ഉടമ ഷാജഹാനെതിരെ വിധിയായത്. അലമാര, കട്ടിൽ, സൈഡ് ബോക്‌സ് എന്നിവ 85500 രൂപക്ക് ഒരാഴ്ചക്കകം പണിത് നൽകാമെന്ന് പറഞ്ഞാണ് 10000 രൂപ അഡ്വാൻസായി കൈപ്പറ്റിയത്. പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതിയാണ് അഡ്വാൻസ് തുക, നഷ്ടപരിഹാരം, ചെലവ് എന്നിവ ഉൾപ്പെടെ തുക നൽകാൻ വിധിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.