visiting
1

മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിലെ കുരുന്നുകൾ പരിസ്ഥിതി സൗഹൃദ പേനകൾ നിർമ്മിച്ചതിന്റെ സന്തോഷത്തിലാണ്. സ്വയം നിർമ്മിച്ച പേപ്പർ പേനകളും വിത്ത് പേനകളുമായി അവർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. കുട്ടികൾ സ്വയം നിർമ്മിച്ച പേനകൾ മാത്രമല്ല, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പ്ലക്കാർഡുകളും അവർ കൈയിലേന്തിയിരുന്നു. മാള പഞ്ചായത്ത് ഓഫീസ്, മാള പൊലീസ് സ്റ്റേഷൻ, മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ കുട്ടികൾ, അവിടെയുള്ളവർക്ക് പേനകൾ വിതരണം ചെയ്തു. ഓരോ പേനയും കൈമാറുമ്പോഴും അവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെറിയൊരു പ്രസംഗവും നടത്തി. വിത്ത് പേനകളും ഈ പരിപാടിയുടെ ഭാഗമായിരുന്നു. പേനകളിൽ പിടിപ്പിച്ചിരുന്ന വിത്തുകൾ പേന ഉപയോഗിച്ചു കഴിഞ്ഞാൽ വിത്തു നട്ടുവളർത്തി ഒരു ചെടിയാക്കാം എന്നതായിരുന്നു കുരുന്നുകളുടെ ആശയം. സ്‌കൂൾ അധികൃതരും പി.ടി.എ അംഗങ്ങളും കുട്ടികളുടെ ഈ പരിശ്രമത്തെ അഭിനന്ദിച്ചു. പ്രധാനാദ്ധ്യാപകൻ ടി.എസ്. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സുറുമി നിസാർ, കോ-ഓർഡിനേറ്റർ അനുഷ ഔസേപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക ലക്ഷ്യം

പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയുടെ ലക്ഷ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ഒരു ചെറിയ തുടക്കം കുറിക്കുക എന്നതായിരുന്നു. റീഫില്ലുകൾ വാങ്ങി എ ഫോർ കളർ പേപ്പർ കവർ ചെയ്ത് പേനയുടെ ആകൃതിയിലാക്കിയ ശേഷം ഓരോ പേനയിലും വിത്തുകൾ ഒട്ടിച്ചു വച്ചാണ് പരിസ്ഥിതി സൗഹൃദ പേനകൾ ഉണ്ടാക്കുന്നത്. പ്രവൃത്തി പരിചയ പിരീഡിലാണ് നിർമ്മാണ പ്രവർത്തനം കൂടുതലും നടത്തുന്നത്.