rafi
വാർത്താ ചിത്രത്തെ തുടർന്നുള്ള നടപടികൾ കേരളകൗമുദി പ്രസിദ്ധീകരിച്ചപ്പോൾ

തൃശൂർ: അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന വാർത്തകൾ മാത്രമല്ല, വാർത്താചിത്രങ്ങളും കേരളകൗമുദിയുടെ നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിലെ നാഴികക്കല്ലാണ്. വാക്കിനോളം മൂർച്ചയുള്ള ധാരാളം ദൃശ്യങ്ങൾ കേരളകൗമുദി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ എക്കാലത്തെയും തലവേദനയായിരുന്നു സ്വകാര്യ ബസുകളിലെ യാത്രാ പ്രശ്‌നം. ബസ് പുറപ്പെടുന്ന സമയത്തേ കയറാനാകൂ.

സീറ്റൊഴിവുണ്ടെങ്കിലും ഇരിക്കാൻ അനുവാദമില്ല. ജീവനക്കാരുടെ അരോചകമായ പെരുമാറ്റം സഹിക്കണം. സാധാരണക്കാരായ വിദ്യാർത്ഥികൾക്കാണ് പലപ്പോഴും ആട്ടും തുപ്പും കേൾക്കേണ്ടിവരുന്നത്. കാലങ്ങളായുള്ള ഈ പ്രശ്‌നത്തിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്താച്ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. ബസിൽ കയറാനും ഒഴിവുള്ള സീറ്റിലിരിക്കാനും വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ആർ.ടി.ഒ ഓഫീസറോടും പൊലീസിനോടും നിർദ്ദേശിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണറോട് റിപ്പോർട്ട് തേടി. ഡി.ജി.പിയെയും കക്ഷി ചേർത്തു.
2019 ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച, ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയുടെ വാർത്താച്ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയിടപെടൽ. കൺസെഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണിത്. തൃശൂർ ചാത്തക്കുടം റൂട്ടിലോടുന്ന ബസിലായിരുന്നു വിവേചനം.

2016ൽ വലക്കാവ് മേഖലയിലെ ക്വാറികളും ക്രഷറും പൂട്ടണമെന്നാവശ്യപ്പെട്ട് കളക്ടറെ തടഞ്ഞതിനെ തുടർന്ന് സ്ത്രീകളെയും കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ബസിൽ കയറ്റിയതുമായി ബന്ധപ്പെട്ട വാർത്താചിത്രത്തെ തുടർന്നും നടപടിയുണ്ടായി. പൊലീസ് ബസിൽ കയറ്റിയ കുഞ്ഞിന് സമരക്കാരിലൊരാൾ ബസിന് പുറത്തുനിന്ന് ഭക്ഷണം നൽകുന്ന ദൃശ്യമാണ് പ്രസിദ്ധീകരിച്ചത്. ഇതേത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനംഗം കെ.മോഹൻകുമാർ സ്വമേധയാ കേസെടുത്തത്. കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവരോട് വിശദീകരണം തേടി.