തൃശൂർ: ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണ വോട്ട് നൽകിയത് ഇടതുപക്ഷത്തിനാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൾ ഹക്കീം പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹവുമായി ചർച്ച നടത്തിയാണ് പലപ്പോഴും വോട്ട് നൽകിയത്. തലയിൽ മുണ്ടിട്ട് പോയിട്ടല്ല ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതും വോട്ടു നൽകിയതും. സി.പി.എം നിലപാട് ശരിയല്ലെന്ന തിരിച്ചറിവുണ്ടായതിനാലാണ് ജമാഅത്തെ ഇസ്ലാമി ഇത്തവണ യു.ഡി.എഫിന് വോട്ടു നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.