
പാലപ്പിള്ളി: ചിമ്മിനി ഡാം റോഡിനോട് ചേർന്ന് എച്ചിപ്പാറയിൽ കൊച്ചിൻ മലബാർ കമ്പനിയുടെ തൊഴിലാളികൾക്ക് താമസിക്കാൻ നിർമ്മിച്ചിരുന്ന പാഡികൾ ഓർമ്മയാകുന്നു. രണ്ട് വർഷമായി താമസിക്കാൻ തൊഴിലാളികൾ ഇല്ലാതിരുന്ന പാഡികളാണ് കമ്പനി പൊളിക്കുന്നത്. 1957 മുതൽ നിർമ്മാണം നടത്തിയ കെട്ടിടങ്ങളാണിത്. ഒരു വരാന്ത, ഒരു മുറിയും, അടുക്കളയുമാണ് ഒരു തൊഴിലാളിയുടെ പാഡി. അഞ്ച് കുടുംബങ്ങൾക്കായി ഒരു ബ്ലോക്കായി നിർമ്മിച്ചതിനാലാണ് അഞ്ചുമുറി പാഡി എന്ന പേര് വന്നത്.
വിരമിക്കുന്ന തൊഴിലാളികൾക്ക് പകരം നിയമനം നടത്താത്തത് മൂലം തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നതും, അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ തൊഴിലാളികൾക്ക് താമസിക്കാനുള്ള അസൗകര്യവുമാണ് താമസിക്കാൻ ആളില്ലാതാക്കിയത്. ഒട്ടേറെ തൊഴിലാളികളുടെ മക്കൾ വിദേശത്തുൾപ്പെടെ ജോലിക്കാരായതോടെ വനഭൂമിക്ക് പുറത്ത് ഭൂമി വാങ്ങി വീട് നിർമ്മിച്ച് താമസമാരംഭിച്ചതോടെ പാഡികളിൽ നിന്നും താമസം മാറ്റിയതും താമസക്കാർ കുറയാനിടയാക്കി. കൊച്ചിൻ മലബാർ കമ്പനിക്ക് പുതുക്കാട്, ചിമ്മിനി, എച്ചിപ്പാറ എന്നീ റബ്ബർ എസ്‌റ്റേറ്റുകളാണുള്ളത് .
കെട്ടിട നികുതി ഒഴിവാക്കാൻ
പാഡി പൊളിച്ച് പഞ്ചായത്തിന് കെട്ടിട നികുതി നൽകുന്നത് ഒഴിവാക്കാമെന്നാണ് കമ്പനിയുടെ ആലോചന. അഞ്ച് മുറി പാഡി എന്നാണ് പേരെങ്കിലും അറ് കുടുംബങ്ങൾ താമസിച്ചിരുന്നു. അഞ്ച് മുറി പാഡിയും പാഡിയോട് ചേർന്ന് ഒരു പൊതു കുളിമുറിയുമാണ് ആദ്യം നിർമ്മിച്ചത്. കുളിമുറിയും പിന്നീട് താമസിക്കാനുള്ള പാഡിയാക്കി ഒരു കുടുംബത്തിന് കൂടി നൽകി.
മൂന്ന് തരം വാസസ്ഥലം
കൊച്ചിൻ മലബാർ കമ്പനിക്ക് പാഡികൾ കൂടാതെ മൂന്ന് എസ്‌റ്റേറ്റിലായി പത്ത് സ്റ്റാഫ് ക്വാർട്ടേഴ്‌സുണ്ട്. ഇത് ഓഫീസ് ജീവനക്കാർക്കാണ്. താമസിക്കാനുള്ളതും സൗകര്യങ്ങളുള്ളതുമായ വീടുകളാണിത്. മൂന്ന് ആഢംബര ബംഗ്‌ളാവുണ്ട്. പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണത്തിന് വേദിയായ ബംഗ്‌ളാവുകളിലെ താമസക്കാർ ഗ്രൂപ്പ് മാനേജർമാരാണ് .
കമ്പനിക്ക് കീഴിൽ 35 പാഡി
എച്ചിപ്പാറയിൽ 17
പുതുക്കാട് എസ്റ്റേറ്റിൽ 10
ചിമ്മിനി എസ്‌റ്റേറ്റിൽ 8