news-photo-

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ ക്ഷേത്ര ഭൂമി കൈയേറി വ്യാപാരികളുടെ കച്ചവടം. കണ്ടില്ലെന്ന് നടിച്ച് നടപടിയെടുക്കാതെ ദേവസ്വം അധികൃതർ. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് പിറകിലെ സ്വകാര്യ ലോഡ്ജിൽ പ്രവർത്തിക്കുന്ന കച്ചവടക്കാരാണ് ക്ഷേത്ര നടപ്പന്തൽ കൈയേറി കച്ചവടം നടത്തുന്നത്.

കടയുടെ ഷട്ടറിന് അകത്ത് വിൽപ്പനയ്ക്കായുള്ള സാധനങ്ങൾ പ്രദർശിപ്പിക്കേണ്ടതിന് പകരം കടയിലെ മുഴുവൻ സാധനങ്ങളും നടപ്പന്തലിൽ നിരത്തിയാണ് കച്ചവടം. അടുത്തിടെ ഒരു ഭക്തൻ വഴിപാടായി ടൈൽ വിരിച്ച് സമർപ്പിച്ചതിന് മുകളിലാണ് കച്ചവടക്കാർ സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നത്. ഇതുമൂലം ഭക്തർക്ക് നടന്നു പോകാനും തടസമനുഭവപ്പെടുന്നു.

ശബരിമല തീർത്ഥാടനം ആരംഭിച്ചതിനാൽ ക്ഷേത്രനഗരിയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് നടക്കാനുള്ള ഭാഗം മുഴുവൻ കച്ചവടസ്ഥാപനങ്ങൾ കൈയടക്കിയതോടെ ഭക്തരും ബുദ്ധിമുട്ടിലാണ്. ഗുരുവായൂരിലെ ഒരു വ്യാപാരി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ദേവസ്വം ഭൂമി കൂടുതലും കൈയേറി കച്ചവടം നടത്തുന്നത്. അതുകൊണ്ട് ദേവസ്വം ഉദ്യോഗസ്ഥരും കണ്ടഭാവം നടിക്കുന്നില്ല.