 
തൃശൂർ: ആയുർവേദത്തിലെ രസായന ഔഷധം എങ്ങനെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും രോഗങ്ങളെ ചെറുക്കുമെന്നും തെളിവോടെ പഠനഗവേഷണം നടത്താനൊരുങ്ങി ആരോഗ്യശാസ്ത്ര സർവകലാശാല. സർവകലാശാലയുടെ കീഴിലെ തൃപ്പൂണിത്തുറ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദയിൽ നടത്തുന്ന ഗവേഷണങ്ങളുടെ ഫലം, മൂന്ന് വർഷത്തിനകം സമർപ്പിക്കും. ഇതോടെ പകർച്ചവ്യാധികളിലും കാൻസറിലും അടക്കം ച്യവനപ്രാശം, ലേഹ്യങ്ങൾ അടക്കമുള്ള രസായനം പ്രയോഗിക്കാനുള്ള വഴിയൊരുങ്ങും. തെളിവധിഷ്ഠിത പഠനം പൂർത്തിയായാൽ വിദേശരാജ്യങ്ങളിലേക്ക് അടക്കം ഔഷധമയയ്ക്കാം. മരുന്നുകളിൽ ലോഹാംശങ്ങളുണ്ടെന്ന പ്രചാരണത്തിനെയും പ്രതിരോധിക്കാം. രസായനങ്ങളിൽ നെല്ലിക്കയാണ് പ്രധാനം. കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രതിരോധശേഷിക്കും നെല്ലിക്കയും ബ്രഹ്മിയും ചിറ്റമൃതും അടക്കമുള്ള ഫലങ്ങളും സസ്യങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കും.
പുനരുജ്ജീവനവും കരുത്താകും
കൊവിഡ് അടക്കമുള്ള വൈറസും ബാക്ടീരിയകളും ആഗോള ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമ്പോൾ രോഗപ്രതിരോധ ശേഷിയും പുനരുജ്ജീവനവുമാണ് കരുത്താകുകയെന്നാണ് ആയുർവേദ ഗവേഷണമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ആന്റിബയോട്ടിക്കുകളെ നിഷ്പ്രഭമാക്കി ബാക്ടീരിയകൾ കരുത്താർജ്ജിക്കുന്നുവെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഗവേഷണം നിർണായകമാകും. കൊവിഡിന്റെ തുടക്കത്തിൽ ആയുർവേദ ചികിത്സ അനുവദിച്ചില്ലെങ്കിലും സംസ്ഥാനത്ത് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നായിരുന്നു നടപടി.
ഏതൊക്കെ രോഗാവസ്ഥകളിൽ?
ഗവേഷണചെലവ്: ഏതാണ്ട് 60 ലക്ഷം
നടത്തിപ്പ്: സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, കേരള സർവകലാശാലയുടെ സുവോളജി വകുപ്പിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് സ്‌റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജി, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ്.
രസായന ഔഷധങ്ങൾ ശാസ്ത്രീയമായി സാധൂകരിക്കപ്പെടുമ്പോൾ പൊതുജനാരോഗ്യത്തിന് അത് കരുത്താകും. ആധുനികശാസ്ത്ര സാങ്കേതികവിദ്യകൾ വഴിയാണ് ഗവേഷണം നടക്കുന്നത്.
ഡോ.എം.വി.അനിൽമാർ
മേധാവി സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ.