
ചെറുതുരുത്തി. മലബാറിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള ഗതാഗതത്തിൽ നാഴികക്കല്ലായ ചരിത്രമാണ് പഴയ കൊച്ചിൻ പാലത്തിന് ഉള്ളത്. പാലം ചരിത്രസ്മാരകമാക്കി സംരക്ഷിക്കാൻ പലപ്പോഴായി പല ആവശ്യങ്ങൾ ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല. പാലം ഇപ്പോൾ പൂർണ തകർച്ചയിലേക്ക് കൂപ്പുകുത്തി. 2003ൽ പാലത്തിലെ ഗതാഗതം നിരോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തി ടൂറിസത്തിനായി ശുപാർശ ചെയ്യുകയുമുണ്ടായി. എന്നാൽ, ഇവയൊന്നും നടപ്പായില്ല. ദുർബലമായ പാലത്തിൻ്റെ ഒരു സ്പാൻ 2011ൽ തകർന്നിരുന്നു. പിന്നീട് 2018, 2022, 2024 എന്നീ കൃത്യമായ ഇടവേളകളിൽ പല തൂണുകളും സ്പാനുകളും തകർന്നു വീണു. ചരിത്ര സ്മാരകമാകേണ്ട കൊച്ചിൻ പാലം വരുംതലമുറകൾക്ക് പഠിക്കുവാൻ പോലും കാണാൻ കഴിയാത്ത രീതിയിൽ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.
നിർമാണവും ചിലവും
കേരളപ്പിറവിക്ക് മുമ്പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് പാലം നിർമ്മിച്ചത്. ഷൊർണൂരിലൂടെ കടന്നുപോകുന്ന റെയിൽ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന് അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ആഗ്രഹമാണ് പാലം നിർമ്മാണത്തിന് പിന്നിൽ. മലബാർ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ തീവണ്ടി ഗതാഗതത്തിനു വേണ്ടി ചെലവ് വഹിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ രാജകുടുംബത്തിൽ പലരുടെയും എതിർപ്പിനെ അവഗണിച്ച് തൃപ്പൂണിത്തറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപ്പട്ടങ്ങളും പൊതു ഖജനാവിലെ പണവും ചേർത്ത് 84 ലക്ഷം രൂപ ചിലവിട്ടാണ് 122 വർഷം മുമ്പ് പാലം നിർമ്മിച്ചത്.
1902ൽ കൊച്ചിൻ പാലം നിർമ്മിച്ചുവെന്ന് രേഖകളിൽ
1900ൽ നിർമാണം നടന്നതായി സ്പാനുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു
നിർമാണ സാമഗ്രികൾ എത്തിയ വഴി
ഇംഗ്ലണ്ടിലെ ഉരുക്ക് വ്യവസായ കമ്പനിയായ കോക്രെയ്‌ൻ എന്ന കമ്പനിയാണ് കൊച്ചിൻ പാലത്തിന് ആവശ്യമായ ഇരുമ്പുകൾ നൽകിയത്. ഇംഗ്ലണ്ടിൽ നിന്ന് കടൽ മാർഗം മുംബൈ തുറമുഖത്ത് എത്തിച്ചു. അവിടെ നിന്ന് റെയിൽ മാർഗം ചെറുതുരുത്തിയിൽ കൊണ്ടുവന്നു.