ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഭൂമി കച്ചവടക്കാർ കെെയേറിയതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിലും നഗരസഭയിലും പരാതി നൽകി. നടപടി കേരള കൗമുദി വാർത്തയെ തുടർന്ന്. ക്ഷേത്രം കിഴക്കേ നടപ്പന്തലിൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് പുറകിലെ വ്യാപാരികളാണ് ക്ഷേത്ര നടപ്പന്തൽ കെെയേറി കച്ചവടം നടത്തിവരുന്നത്. ഇത് കേരള കൗമുദി വാർത്തയാക്കിയതിനെ തുടർന്നാണ് ഇന്നലെ ദേവസ്വം അധികാരികൾ കെെയേറ്റം ഒഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്കും ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ യ്ക്കും കത്ത് നൽകിയിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തർക്ക് തടസമായി റോഡുകളിൽ കെെയേറ്റം ഉണ്ടായാൽ കെെയേറ്റം ഒഴിവാക്കി കൊടുക്കേണ്ടത് നഗരസഭയുടേയും പൊലീസിന്റേയും ഉത്തരവാദിത്വമാണെന്ന് 2022 ഡിസംബർ 16 ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിലെ റോഡുകളും കാൽനട സൗകര്യങ്ങളും യാതൊരുവിധ കൈയേറ്റങ്ങളും കൂടാതെ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നഗരസഭയും പൊലീസും ആനുകാലിക പരിശോധനകൾ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദേവസ്വം നഗരസഭയിലും പൊലീസിലും അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കയ്യേറ്റം ഒഴിവാക്കുന്നതിനായി ദേവസ്വം ഇന്നലെ നഗരസഭയ്ക്കും പൊലീസിനും കത്ത് നൽകിയിട്ടുള്ളത്.
2022 ഡിസംബർ 16ലെ ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര നടപ്പന്തലിലെ കെെയേറ്റം ഒഴിവാക്കുന്നതിനായി നഗരസഭയേയും പൊലീസിനേയും സമീപിച്ചത്
- എം.എൻ.രാജീവ് (ദേവസ്വം ആരോഗ്യ വിഭാഗം മേധാവി)