തൃശൂർ: സത്യത്തിനായുള്ള നിരന്തരമായ പരിശ്രമത്തിനും മലിനമാക്കപ്പെടാത്ത സത്യം പ്രബുദ്ധരായ വായനക്കാർക്ക് നൽകാനും കേരളകൗമുദി എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ. കേരളകൗമുദിയുടെ സുവർണജൂബിലി ആഘോഷത്തിന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനച്ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ മാറിയേക്കാം. ആശയവിനിമയ മാദ്ധ്യമം മാറിയേക്കാം. പക്ഷേ യാഥാർത്ഥ്യം മാറില്ലെന്ന് കേരളകൗമുദി വിശ്വസിക്കുന്നു. പൂർവികരുടെ ദർശനങ്ങളുമായി ചേർന്ന് നിന്നുകൊണ്ട്, പ്രത്യാഘാതങ്ങൾ വകവയ്ക്കാതെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് പരമപ്രാധാന്യം നൽകുന്നതാണ് ഇന്നും കേരളകൗമുദിയുടെ നിലപാടുകൾ. സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യഗ്രഹം പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളിലും കേരളകൗമുദി മുൻ നിരയിലുണ്ടായിരുന്നു. കൊവിഡ് മഹാമാരിയിൽ നാടുമുഴുവൻ അന്തിച്ചു നിന്നപ്പോൾ, ഒരു ജീവനക്കാരെ പോലും പിരിച്ചുവിടാതെ ഒരാളുടെ ശമ്പളം പോലും വെട്ടിച്ചുരുക്കാതെ ജീവനക്കാരെ കൂടെ നിറുത്തിയ പ്രസ്ഥാനമാണ് കേരളകൗമുദി. പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങളുടെ പടവാളായി നിലകൊള്ളുന്നത് കൊണ്ടുതന്നെ തൃശൂരിന്റെ സാംസ്‌കാരിക ലോകം കേരളകൗമുദിയെ നെഞ്ചോട് ചേർത്തുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.