തൃശൂർ: മാദ്ധ്യമ വിചാരണയോണോ വാർത്തകളാണോ നടക്കുന്നതെന്ന് സംശയമുയരുന്ന കാലത്ത് സത്യസന്ധമായ വാർത്തകളിലൂടെ നേതൃപരമായ പങ്കാണ് കേരളകൗമുദി വഹിക്കുന്നതെന്ന് റവന്യൂമന്ത്രി അഡ്വ.കെ.രാജൻ. തൃശൂരിന്റെ മണ്ണിൽ കേരളകൗമുദിയുടെ സുവർണജൂബിലി ആഘോഷത്തിന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ റേറ്റിംഗിന് വേണ്ടിയെന്ന് ജനങ്ങൾ ആശങ്കപ്പെടുന്ന കാലമാണിത്. അതുകൊണ്ട് സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ദർശനങ്ങളും പത്രാധിപരുടെ ചങ്കൂറ്റമുളള നിലപാടും കൊണ്ട് സമ്പന്നമായ പത്രമാണ് കേരളകൗമുദി. നവോത്ഥാനത്തിന്റെ പാത വെട്ടിത്തെളിച്ചാണ് കേരളകൗമുദി മുന്നേറിയത്. മാനവികത ഉയർത്തിപ്പിടിക്കാൻ പോലും കഴിയാതിരുന്ന ഒരു കാലത്ത് ധീരതയോടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് ഗുരുദേവ ദർശനങ്ങളും ചിന്തയും അതുപോലെ ഏറ്റെടുക്കുകയായിരുന്നു. ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗത്തിലൂടെ പത്രാധിപർ സുകുമാരൻ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വിമർശിച്ചത് നിലപാടുകളുടെ സത്യസന്ധത കൊണ്ടായിരുന്നു. അതിനു മുൻപും ശേഷവും കേരളത്തിൽ അതുപോലെ മറ്റൊരു പത്രാധിപരുണ്ടായിട്ടില്ല. സംവാദങ്ങൾക്ക് ഇടമുണ്ട് എന്ന് ഗുരുദേവൻ പഠിപ്പിച്ച പാഠമായിരുന്നു കേരളകൗമുദിക്കും കരുത്തായത്. കേരളകൗമുദി 114 വർഷം പിന്നിടുമ്പോൾ തൃശൂർ അമ്പതാണ്ടിന്റെ നിറവിലാണ്. സാംസ്‌കാരിക തലസ്ഥാനത്തിന്റെ വാർത്തകൾ ഒപ്പിയെടുത്ത് സാംസ്‌കാരിക ഇടപെടലുകൾക്ക് കേരളകൗമുദിക്ക് സാക്ഷ്യം വഹിക്കാനായി. തൃശൂരിന്റെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തിനൊപ്പം നിൽക്കാനുമായി. പൂരത്തിന്റേയും മതസൗഹാർദത്തിന്റേയും ഭിന്നരുചികളുടേയും താളത്തിന്റേയും മേളത്തിന്റേയും നാടാണിത്.
തൃശൂർ പൂരം പ്രൗഢിയോടെ നടത്തും: മന്ത്രി
ഉത്സവങ്ങളുടെ നടത്തിപ്പ് കത്തുന്ന വിഷയമായി തുടരുമ്പോൾ പ്രൗഢിയിൽ ഒരു കുറവും വരുത്താതെ തൃശൂർ പൂരം അടക്കമുളള ആഘോഷങ്ങൾ നടത്തുമെന്ന് കേരളകൗമുദിയുടെ ഈ ആഘോഷവേളയിൽ ഉറപ്പു നൽകുകയാണെന്ന് മന്ത്രി കെ.രാജൻ. ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിൽ കോടതി ഇടപെടലിലും വെടിക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഉത്തരവിലുമെല്ലാം പൊതുവേ ആശങ്കകളുണ്ട്. പക്ഷേ, അതെല്ലാം മറികടന്ന് ജാതിമത രാഷ്ട്രീയവ്യത്യാസമില്ലാതെ ഗംഭീരമായി പൂരം നടത്തുമെന്ന് ഒരുമിച്ച് നിന്നു തന്നെ പറയാനാകുമെന്നും മന്ത്രി പറഞ്ഞു.