
തൃശൂർ: കേരള കൗമുദി സമൂഹത്തിന്റെ കണ്ണാടിയാണെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ പറഞ്ഞു. കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ 114 വിശിഷ്ട വ്യക്തികളുടെ വിജയകഥാ സമാഹാരമായ 'അമേസിംഗ് മൈൻഡ്‌സ്' എന്ന പുസ്തകം ഗവർണർ ഡോ.സി.വി.ആനന്ദബോസിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും കൊടുക്കാൻ മടിക്കുന്ന വാർത്തകൾ നേരോടെ നിർഭയം എഴുതുന്ന പത്രമാണ് കേരള കൗമുദി. അഞ്ചു പതിറ്റാണ്ടായി തൃശൂരിലെ ജനങ്ങളുടെ മനസിലും ഹൃദയത്തിലും നിറഞ്ഞു നിൽക്കുന്ന പത്രമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സാംസ്‌കാരികതയും ധാർമികതയും ഉയർത്തിപിടിക്കുന്നതിൽ കേരളകൗമുദിക്ക് പ്രത്യേകസ്ഥാനമുണ്ട്. നാലു തലമുറകൾ കടന്നുവന്നിട്ടുള്ള പത്രമെന്ന നിലയിൽ കേരള കൗമുദിയുടെ സാമൂഹിക പ്രതിബദ്ധത എടുത്തു പറയേണ്ടതാണ്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ളവരെ തെരഞ്ഞു പിടിച്ച് അവരുടെ സേവനങ്ങൾ എന്തെല്ലാമാണെന്ന് സമൂഹത്തിലേക്ക് നൽകുകയെന്ന ബൃഹത്തായ സംഭാവനയാണ് കൗമുദി ചെയ്തിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി കേരളകൗമുദി പുറത്തിറക്കിയ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കാൻ അവസരം കിട്ടിയതിൽ അഭിമാനിക്കുന്നു. പത്രത്തിന്റെ തുടക്കം മുതൽ രാഷ്ട്രീയമാകട്ടെ, സാംസ്‌കാരികമാകട്ടെ, സ്‌പോർട്‌സ് ആകട്ടെ എല്ലാ വാർത്തകളും യാതൊരു ചായ്‌വുമില്ലാതെ എന്താണ് വാർത്തയെന്ന് മലയാളികളെ കാണിച്ചുകൊടുക്കുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. പോസിറ്റീവ് ജേണലിസത്തിന്റെ നേർക്കാഴ്ചയാണ് കേരളകൗമുദിയെന്നും ജെ.കെ.മേനോൻ പറഞ്ഞു.