fest
1

കൊടുങ്ങല്ലൂർ: വി.കെ. രാജൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം, സംരംഭകത്വ ക്ലബ്ബിന്റെയും സൗഹൃദ ക്ലബിന്റെയും നേതൃത്വത്തിൽ ഇഗ്‌നൈറ്റ് ഫെസ്റ്റ് 2024 എന്ന പേരിൽ കുട്ടികൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ അനിത ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി. മഹേഷ് അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി : വി.കെ. രാജു വിശിഷ്ടാതിഥിയായി. ടി.എ. നൗഷാദ്, പി.പി. മണി, ഹസീന, സൈഫ, പി.ജെ. ഹഫ്‌സത്ത്, സബിത ശ്രീധരൻ, രാജലക്ഷ്മി, ഗീത, വി.ആർ. സോണി, താജ്, ടി.വി. സ്മിത, എം.ആർ. രാധ, ശ്യാംകൃഷ്ണ എന്നിവർ സംസാരിച്ചു. അഭിജിത്, ആദർശ്, മുസ്തഫ, ഷാഹിം, അനഘ, അശ്വനി, ടി.ഡി. ശ്രീലക്ഷ്മി, തഫീ, ഹരിപ്രിയ സൽമ, ഫിദ എന്നീ വിദ്യാർത്ഥികൾ മേളയ്ക്ക് നേതൃത്വം നൽകി. അൽത്താഫ് മുഹമ്മദ് നിർമിച്ച ഇന്ക്യൂബേറ്റർ, കാശിനാദിന്റെ ചൂരൽക്കസേര, കുടകൾ, ക്ലീനിംഗ് സൊല്യൂഷൻസ്, തുണി കൊണ്ടും മുത്തുകൊണ്ടും ചിരട്ട കൊണ്ടും നിർമ്മിച്ച വിവിധ ഉത്പ്പന്നങ്ങൾ, കുട്ടികൾ വരച്ച ചിത്രങ്ങൾ എന്നിവ മേളയ്ക്ക് മാറ്റേകി. കുട്ടികൾ ഒരുക്കിയ രാജാകൊട്ടാരം ഫുഡിസ് ഹബ്ബ് ഭക്ഷണപ്രിയർക്ക് ആസ്വാദ്യമായി.