
പിരിച്ചുവിടുന്നത് അധ്യാപകർ മുതൽ സെക്യൂരിറ്റി വരെയുള്ള ജീവനക്കാരെ
ചെറുതുരുത്തി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുഴുവൻ താൽക്കാലിക ജീവനക്കാരെയും കേരള കലാമണ്ഡലം പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഉത്തരവിറക്കി. ഒരു അധ്യായന വർഷത്തിന്റെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ആദ്യമായാണ്. കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതുമൂലം ഇന്ന് മുതലുള്ള കലാമണ്ഡലത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിലയ്ക്കും. വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന താൽക്കാലിക അധ്യാപകർ, കലാ വിഷയങ്ങളിലെ അധ്യാപകർ, ഓഫീസ് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, പാചക തൊഴിലാളികൾ തുടങ്ങിയ മുഴുവൻ ജീവനക്കാരും ഇതിൽ ഉൾപ്പെടുമെന്ന് ഉത്തരവിൽ പറയുന്നു. കേരള കലാമണ്ഡലം കലിപിത സർവകലാശാലയിൽ വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി താല്കാലിക അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരുടെ സേവനം നിർത്തലാക്കിയാണ് വൈസ് ചാൻസിലർ ഉത്തരവിറക്കിയത്.