മാള: കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്ലാവിന്റെ കാതലിൽ തീർത്ത മുരുകന്റെ രൂപം സമർപ്പിച്ച് ഭക്തൻ വേലായുധൻ. ഇന്നലെ രാവിലെ എട്ടിന് ക്ഷേത്രനടയിൽ സമർപ്പിച്ച പ്ലാവിൻ കാതലിൽ കൊത്തിയ മുരുകന്റെ മനോഹരമായ രൂപം കാണാൻ നിരവധി ഭക്തരാണ് എത്തിയത്. കുഴൂർ ക്ഷേത്രത്തിന് മുന്നിലുള്ള ഭാവന ഫർണീച്ചറിന്റെ ഉടമയായ സുബ്രഹ്മണ്യസ്വാമി ഭക്തനായ വേലായുധനാണ് പ്ലാവിൻ കാതലിൽ തീർത്ത രൂപം വഴിപാടായി സമർപ്പിച്ചത്. ഏകദേശം രണ്ടുമാസത്തോളം സമയമെടുത്താണ് ഭാവന ഫർണീച്ചറിലെ ജോലിക്കാരനായ പാറക്കടവ് സ്വദേശി വാസുദേവൻ മനോഹരമായ ശിൽപ്പം തീർത്തത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രം കാലപ്പഴക്കത്താൽ നശിച്ചു പോയപ്പോഴാണ് ആ സ്ഥാനത്ത് സ്ഥാപിക്കുന്നതിനായി വേലായുധൻ പ്ലാവിൻ കാതലിൽ സുബ്രഹ്മണ്യ സ്വാമിയുടെ രൂപം സമർപ്പിച്ചത്.