photo

തൃശൂർ: നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോന് കേരളകൗമുദി യംഗ് ഗ്ലോബൽ ബിസിനസ് മാൻ അവാർഡ് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് സമ്മാനിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോളതലത്തിൽ തന്റെ ബിസിനസ് കെട്ടിപ്പടുത്തതിനാണ് ഈ ബഹുമതി. അന്താരാഷ്ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ അടക്കം നേടിയ ജെ.കെ.മേനോൻ, തൃശൂർ സ്വദേശിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനും ബഹ്‌സാദ് ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന അഡ്വ.സി.കെ.മേനാേന്റെ മകനുമാണ്. ആത്മവിശ്വാസവും ശുഭാപ്തിചിന്തയും സഹജീവിസ്‌നേഹവുമാണ് ജെ.കെയെന്ന മനുഷ്യനെ മറ്റ് സംരംഭകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഖത്തറിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) ചെയർമാനായ അദ്ദേഹത്തിന് 2017ൽ എൻ.ആർ.ഐ യംഗ് ഓൺട്രപ്രണർ അവാർഡ് ലഭിച്ചിരുന്നു. റവന്യൂമന്ത്രി അഡ്വ.കെ.രാജൻ, കേരള കൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി , ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ തുടങ്ങിയവർ അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.